
കഴക്കൂട്ടം: ഭിന്നശേഷിക്കാരുടെ സമഗ്ര വികാസത്തിന് ഊന്നൽ നൽകി മാജിക് അക്കാഡമിയുടെ നേതൃത്വത്തിൽ യൂണിവേഴ്സൽ എംപവർമെന്റ് സെന്റർ ഒരുങ്ങുന്നു. കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ അഞ്ച് ഏക്കറിലാണ് ഈ കേന്ദ്രം.
ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിലൂടെ തൊഴിൽ നൽകുന്ന യൂണിവേഴ്സൽ എംപവർമെന്റ് സെന്ററിൽ ഓട്ടിസം തെറാപ്പി സെന്ററുകൾ, ഹോർട്ടികൾച്ചർ തെറാപ്പി സെന്റർ, ഡിഫ്രന്റ് സ്‌പോർട്സ് സെന്റർ, ഗവേഷണ കേന്ദ്രങ്ങൾ, കലാവതരണ വേദികൾ തുടങ്ങിയ വിഭാഗങ്ങളാണ് ഉണ്ടാവുക.
ഭിന്നശേഷിക്കുട്ടികളുടെ അമ്മമാർക്ക് സ്വയം തൊഴിൽ പരിശീലന കേന്ദ്രവും ഇതിനോടൊപ്പം ഒരുക്കുന്നുണ്ട്. ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കുട്ടികൾക്ക് അവരവർക്കിഷ്ടപ്പെട്ട കലാമേഖല തിരഞ്ഞെടുത്ത് വിദഗ്ദ്ധ പരിശീലനം നേടി കാണികൾക്ക് മുൻപിൽ അവതരിപ്പിക്കാൻ കഴിയും. ഇതിനായി അന്താരാഷ്ട്ര നിലവാരമുള്ള നിരവധി തിയേറ്ററുകൾ സെന്ററിൽ ഒരുങ്ങുന്നുണ്ട്. ഇതിന് പുറമെ ചിത്രകലാ പ്രദർശനത്തിന് ആർട്ടീരിയയും ഉപകരണസംഗീതത്തിന് സിംഫോണിയയും ഗവേഷണ കുതുകികളായ കുട്ടികൾക്ക് സയൻഷ്യ എന്ന പേരിൽ ഗവേഷണ കേന്ദ്രവും സെന്ററിലുണ്ട്. സൈക്കോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ലിംഗ്വിസ്റ്റിക്, ഫിസിയോ തെറാപ്പിസ്റ്റ്, ഡോക്ടർമാർ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് തെറാപ്പി സെന്റർ പ്രവർത്തിക്കുന്നത്. ഓട്ടിസം വിഭാഗക്കാരുടെ ഭയാശങ്കകൾ അകറ്രാനുള്ള ട്രെയിൻ യാത്രയും യു.ഇ.സിയുടെ മുഖ്യാകർഷണങ്ങളിൽ ഒന്നാണ്.
ഭിന്നശേഷിക്കുട്ടികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വരുത്തുന്നതിനും ഇവരെ നമുക്കൊപ്പം ചേർത്തു നിറുത്തുന്നതിനും, തങ്ങൾക്കും തുല്യമായ ഒരിടമുണ്ടെന്ന് ബോദ്ധ്യപ്പെടുത്താനും ഭിന്നശേഷിക്കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് സെന്ററുകളുടെ ഉദ്ദേശ്യമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.