thiruvananthapuram-corpor

തിരുവനന്തപുരം: പഠനത്തിലും ജീവിതത്തിലും മികവ് പുലർത്തുന്ന കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി പുതിയ പദ്ധതി ആവിഷ്കരിച്ച് നഗരസഭ. വീട്ടിലെ സാഹചര്യങ്ങൾ കുട്ടികളുടെ പഠനത്തെയും ഭാവിയെയും ബാധിക്കരുതെന്ന ആശയത്തിലാണിത് നടപ്പാക്കുക.

പരീക്ഷണാടിസ്ഥാനത്തിൽ ഒരു വാർഡിൽ ഒരുകുട്ടി എന്ന നിലയിലാകും പഠനസൗകര്യം ഒരുക്കുക. പശ്ചാത്തല സൗകര്യം, പോഷകാഹാരം,യൂണിഫോം എന്നിവയും ആവശ്യമെങ്കിൽ താമസസൗകര്യവുമൊരുക്കും. ട്യൂഷൻ സ്ഥാപനത്തിലേക്ക് നേരിട്ട് ഫീസ് അടയ്ക്കും. കണക്ക്,ഇംഗ്ലീഷ്,പൊതുവിജ്ഞാനം എന്നിവയിൽ പ്രത്യേക പരിശീലനവും നൽകും. മറ്റു കഴിവുകളുള്ള കുട്ടികൾക്ക് സംസ്ഥാന-ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന്റെ ചെലവ് നഗരസഭ വഹിക്കുന്നതും ആലോചനയിലുണ്ട്. വർഷത്തിൽ രണ്ടുതവണ വിനോദയാത്രയും ഒരുക്കും.

പദ്ധതി ഇവർക്ക്

നഗര പരിധിയിലെ താമസക്കാരായ സർക്കാർ,എയ്ഡഡ് സ്‌കൂളിൽ അഞ്ചുമുതൽ എട്ടുവരെ ക്ലാസിൽ പഠിക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. അതിദരിദ്ര പട്ടികയിലുള്ളവർക്കും അച്ഛനമ്മമാർ നഷ്ടപ്പെട്ടവർക്കും വികലാംഗർ,കിടപ്പുരോഗികൾ,മാനസിക ബുദ്ധിമുട്ടുള്ളവരുടെ മക്കൾക്കും മുൻഗണന നൽകും. കൗൺസിലറുടെ അദ്ധ്യക്ഷതയിലുള്ള വാർഡ് കമ്മിറ്റി വഴിയായിരിക്കും കുട്ടികളെ തിരഞ്ഞെടുക്കുക. സ്‌കൂളുകളിൽ നിന്ന് കുട്ടികളുടെ പട്ടിക തയ്യാറാക്കും. പദ്ധതി അടുത്ത കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യും.


സ്വകാര്യ പങ്കാളിത്തം


കോർപ്പറേഷൻ ഫണ്ട്, പദ്ധതി വിഹിതം, ജനങ്ങളിൽ നിന്നുള്ള സാമ്പത്തികസഹായം എന്നിവയാണ് പദ്ധതിക്കായി ഉപയോഗിക്കുക. കുട്ടികളുടെ സ്‌പോൺസർഷിപ്പ് വ്യക്തികൾക്ക് ഏറ്റെടുക്കാം. പത്താം ക്ലാസ് വരെയോ തുടർ വിദ്യാഭ്യാസം, താമസസൗകര്യം തുടങ്ങിയവ ഉൾപ്പെടുത്തി നഗരസഭ നിർദേശിക്കുന്ന പാക്കേജിൽ ധനസഹായം നൽകുകയോ കുട്ടികൾക്ക് നേരിട്ട് എത്തിച്ചുനൽകുകയോ ചെയ്യാം. ഇതിനുള്ള മാർഗനിർദ്ദേശങ്ങൾ നഗരസഭ തീരുമാനിക്കും.

100 വാർഡിൽ അങ്കണവാടി പ്രവർത്തകർ പ്രത്യേക സ്‌ക്രീനിംഗ് നടത്തി കുട്ടികൾക്ക് തുടർചികിത്സ ലഭ്യമാക്കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ട്രിവാൻഡ്രം ഡെവലപ്പ്‌മെന്റിന്റെ പ്രത്യേക സ്‌ക്രീനിംഗ് ചാർട്ട് ഉപയോഗിച്ചാണ് കുട്ടികളിൽ നിരീക്ഷണം നടത്തുന്നത്. കുട്ടികളിലെ കേൾവി,സംസാര വൈകല്യം തിരിച്ചറിയാൻ നിഷിന്റെ സഹായത്തോടെ അങ്കണവാടികളിൽ പ്രത്യേക പരിശോധന നടത്താനും പദ്ധതിയുണ്ട്. ഭിന്നശേഷി കുട്ടികൾക്ക് സ്‌പെഷ്യൽ അങ്കണവാടി സ്ഥാപിച്ച് സ്‌പീച്ച് ലാംഗ്വേജ് പാതോളജിസ്റ്റ്, സ്‌പെഷ്യൽ എഡ്യക്കേറ്റർ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്താനും നഗരസഭ തീരുമാനിച്ചു.