
ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വയോജനസംഗമം വി. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വയോജന സംരക്ഷണത്തിന് പ്രഥമ പരിഗണന നൽകുമെന്ന് എം.എൽ.എ പറഞ്ഞു. വയോജന കൂട്ടായ്മയിൽ എത്തിയവർക്ക് സമ്മാനങ്ങളും വിവിധ കലാപരിപാടികളും പഞ്ചായത്ത് ഒരുക്കിയിരുന്നു. സൗജന്യ മരുന്ന് വിതരണം, പാലിയേറ്റീവ് ചികിത്സ, കട്ടിൽ വിതരണം, ശ്രവണ സഹായി വിതരണം തുടങ്ങി വയോജനങ്ങൾക്ക് മികച്ച സേവനവും പിന്തുണയും നൽകുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. 'പകൽവീട് ' ഉദ്ഘാടനസജ്ജമായിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. സുഭാഷ്, ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അബ്ദുൾ വാഹിദ്, ബിജു, രേണുക മാധവൻ, പഞ്ചായത്ത് സെക്രട്ടറി സിന്ധുലേഖ, ബേനസീർ, നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് സരിത സ്വാഗതം പറഞ്ഞു.