ആറ്റിങ്ങൽ: തെരുവുനായ്ക്കളെ തല്ലിക്കൊന്ന് കുഴിച്ചിട്ടെന്ന കേസിൽ കുറ്റക്കാരല്ലെന്നുകണ്ട് ജനപ്രതിനിധികളെ ആറ്റിങ്ങൽ ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്ന് ജഡ്ജി സജീന ബി.എസ് വെറുതെവിട്ടു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എസ്. ശ്രീകണ്ഠൻ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്ന മഞ്‌ജു പ്രദീപ്, കിഴുവിലം ഗ്രാമപഞ്ചായത്ത് മെമ്പർമാരായിരുന്ന ബിജുകുമാർ, ഷാജഹാൻ, എറണാകുളം സ്വദേശികളായ മണിയപ്പൻ, രഞ്ജൻ, സോഫിയ സുർജിത്, രാജൻ അമ്പൂരി, അഷ്റഫ് എന്നിവരെയാണ് വെറുതെവിട്ടത്.
2017 ലാണ് കേസെടുത്തത്. 2017 ഏപ്രിൽ ഏഴിന് മാമം കാട്ടുംപുറം സ്വദേശിയായ കുഞ്ഞു കൃഷ്ണനെ(82) തെരുവുനായ്ക്കൂട്ടം കടിച്ചുകൊന്ന് ഭക്ഷിച്ച സംഭവത്തിൽ ജനം റോഡ് ഉപരോധിച്ചിരുന്നു. ഇവരെ സമാധാനിപ്പിക്കാൻ നേതൃത്വം വഹിച്ചത് ശ്രീകണ്ഠനും മഞ്ജു പ്രദീപും ബിജുകുമാറും ഷാജഹാനുമായിരുന്നു. എന്നാൽ 12 ന് ചില പത്രങ്ങളിൽ ഇവർ തെരുവുനായ്ക്കളെ അടിച്ചുകൊന്ന് കുഴിച്ചുമൂടി എന്ന് വാർത്ത വന്നിരുന്നു. വാർത്തയുടെ അടിസ്ഥാനത്തിൽ പൊലീസ് നാല് ജനപ്രതിനിധികൾക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരേയും കേസെടുത്തു. വാർത്തയുടെ അടിസ്ഥാനത്തിൽ ഹരിയാന സ്വദേശിയായ മുൻ മിസ് ഇന്ത്യ നിഖിത ആനന്ദ് നാല് ജനപ്രതിനിധികളെ പ്രതിചേർത്ത് സുപ്രീംകോടതിയിൽ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു. ജനപ്രതിനിധികൾ സുപ്രീം കോടതിയിൽ ഹാജരായി തങ്ങളുടെ നിരപരാധിത്വം ബോദ്ധ്യപ്പെടുത്തിയതോടെ കേസ് വെറുതെവിട്ടു. എന്നാൽ ആറ്റിങ്ങൽ പൊലീസ് എടുത്ത കേസ് തീരാൻ അഞ്ചു വർഷമെടുത്തു. പ്രതിയായവർക്കുവേണ്ടി അഡ്വ. പുതുശേരിമുക്ക് ബി.എസ്.അനിൽകുമാർ, ബീന എസ്. നായർ എന്നിവർ ഹാജരായി.