തിരുവനന്തപുരം:വാശിയേറിയ കലാമത്സരങ്ങളുമായി വിദ്യാർത്ഥികൾ മാറ്റുരച്ച തിരുവനന്തപുരം നോർത്ത് വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും.ഇന്ന് വൈകിട്ട് 4ന് പേട്ട ഗവ.എച്ച്.എസ്.എസിൽ നടക്കുന്ന സമാപനച്ചടങ്ങ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.കലോത്സവത്തിന്റെ രണ്ടാ ദിനം വരെയുള്ള പോയിന്റ് പട്ടികയിൽ 352 പോയിന്റുമായി പട്ടം ഗവ.ഗേൾസ് എച്ച്.എസ്.എസാണ് മുന്നിട്ട് നിൽക്കുന്നത്. 350 പോയിന്റുമായി പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് തൊട്ടു പിന്നാലെയുണ്ട്. 230 പോയിന്റോടെ വട്ടിയൂർക്കാവ് വൊക്കേഷണൽ എച്ച്.എസ്.എസ് ആണ് മൂന്നാമത്. ഏഴ് വേദികളിലായി കനത്ത പോരാട്ടമാണ് വിദ്യാർത്ഥികൾ കാഴ്ചവയ്ക്കുന്നത്. സമാപനചടങ്ങിൽ പേട്ട വാർഡ് കൗൺസിലർ സുജാദേവി അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ജസ്റ്റിസ് എച്ച്.എസ്.പഞ്ചാപകേശൻ സമ്മാനവിതരണം നടത്തും.കവി കാര്യവട്ടം ശ്രീകണ്ഠൻനായർ, കൗൺസിലർ ജോൺസൺ ജോസഫ്, ഡി.ഇ.ഒ സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുക്കും.