general

ബാലരാമപുരം: ഇരുതലമൂരിയും പണവുമായി മദ്ധ്യവയസ്കനേയും കൂട്ടാളികളേയും തിരുവനന്തപുരം റൂറൽ ഡാൻസാഫ് സ്ക്വാഡ് പിടികൂടി. വഴിമുക്ക് വെട്ടുവിളാകം റാണി മൻസിലിൽ സക്കീർ ഹുസൈനാണ് (54)​ പിടിയിലായത്. കൈവശം സൂക്ഷിച്ചിരുന്ന കണക്കിൽപ്പെടാത്ത അഞ്ച് ലക്ഷം രൂപയും പിടിച്ചെടുത്തു. വീട്ടിലെ കാർപോർച്ചിൽ മീൻ സൂക്ഷിക്കുന്ന പെട്ടിയിലാണ് പാമ്പിനെ ഒളിപ്പിച്ചിരുന്നത്.

ആദ്യഘട്ടം വീട്ടിനുള്ളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പകൽവെട്ടത്തും ഇരുട്ട് മൂടിയ കാർപോർച്ചിൽ ടോർച്ചടിച്ച് നോക്കിയപ്പോഴാണ് മീൻപെട്ടി ശ്രദ്ധയിൽപ്പെട്ടതും ഇരുതലമൂരിയെ അതിൽ നിന്ന് കണ്ടെടുത്തതും. ആഗോളവിപണിയിൽ 25 മുതൽ 50 ലക്ഷം വരെയാണ് ഇരുതലമൂരിയുടെ വില. ഇവയുടെ തൂക്കമനുസരിച്ചാണ് വിലനിർണയിക്കപ്പെടുന്നത്. ഇരുതലമൂരിയെ വീട്ടിൽ സൂക്ഷിച്ചാൽ സമ്പത്ത് കുമിഞ്ഞ് കൂടുമെന്ന അനാചാരവും മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഉരഗവർഗമായതിനാലും വൻ ഡിമാന്റാണ് ഇതിനുള്ളത്. ‌‌

ജില്ലയിലെ ഡാൻസാഫ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ സക്കീർ ഹുസൈന്റെ വീട്ടിൽ അന്വേഷണസംഘം പരിശോധന നടത്തിയാണ് ഇരുതലമൂരിയും അനധികൃതമായി കൈവശംവച്ചിരുന്ന പണവും പിടിച്ചെടുത്തത്. സഹായികളായി നിന്ന വഴിമുക്ക് കെ.വി ഹൗസിൽ മുഹമ്മദ് ഹസീം(37)​,​ വഴിമുക്ക് പച്ചിക്കോട്ടിൽ നസീർ (37)​ എന്നിവരേയും കസ്റ്റഡിയിലെടുത്തു. ഇരുതലമൂരിയെ ഫോറസ്റ്റിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.