തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എയ്‌ക്കെതിരെ നഗരസഭയ്‌ക്ക് മുന്നിൽ ഫ്ളക്‌സ് ബോർഡ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അഭിഭാഷക നിയമനത്തിന് ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി എഴുതിയ ശുപാർശക്കത്താണ് ഫ്ളക്‌സ് ബോർഡിലും നോട്ടീസ് ബോർഡിലും പതിപ്പിച്ചിരിക്കുന്നത്.
കത്ത് വിവാദത്തിൽ കോർപ്പറേഷനിലേക്ക് യൂത്ത് കോൺഗ്രസ് ഇന്നലെ സമരം നടത്തുന്നതിന് മുമ്പാണ് സി.പി.എം പ്രവർത്തകർ ഫ്ളക്‌സ് സ്ഥാപിച്ചത്. ''എന്താണ് ഷാഫി,കത്തൊക്കെ കൊടുത്തൂന്ന് കേട്ടു ''എന്ന തലവാചകത്തിനൊപ്പമാണ് ഷാഫി പറമ്പിലിന്റെ ലെറ്റർ പാഡിൽ തയ്യാറാക്കിയതുപോലുള്ള കത്ത് പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിനു താഴെ '' ഉപദേശം കൊള്ളാം വർമ സാറെ, പക്ഷേ...''എന്ന സിനിമാ ഡയലോഗും ചേർത്തിട്ടുണ്ട്. ''ചാണ്ടി സാറെ ജോലി കൊടുക്കണം'' എന്ന വാചകത്തിനൊപ്പവും കത്ത് പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു.
സി.പി.എം വാറോല കാണുമ്പോഴുള്ള
മറവിരോഗം തനിക്കില്ല: ഷാഫി പറമ്പിൽ
സി.പി.എമ്മിന്റെ വാറോല കാണുമ്പോൾ മറവിരോഗം ബാധിക്കുന്നവരുടെ കൂട്ടത്തിൽ തന്നെപ്പെടുത്തേണ്ടെന്ന് ഫ്ളക്‌സ് ബോർഡ് സ്ഥാപിച്ചവർക്ക് മറുപടിയായി ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു.
കത്തും ഒപ്പും തന്റേതാണെങ്കിൽ കേരളത്തിലെ അഡിഷണൽ പ്രോസിക്യൂട്ടർ നിയമനം പി.എസ്.സി, എംപ്ളോയ്മെന്റ് എക്സേഞ്ച് വഴിയാണോയെന്ന് ഇത് പ്രചരിപ്പിക്കുന്നവർ മറുപടി പറയണം. ഈ നിയമനങ്ങളെല്ലാം രാഷ്ട്രീയ നിയമനം തന്നെയാണ്. ഇതുവരെ നിയമിച്ചവരുടെ ലിസ്റ്റ് മുഴുവൻ പുറത്തുവിടട്ടെ. നമ്മൾ ശുപാർശ നൽകിയാലും സർക്കാർ പരിഗണിക്കണമെന്നില്ല. സമരം അവർക്ക് പൊള്ളുന്നതുകൊണ്ടാണ് തനിക്കെതിരെ തിരിയുന്നതെന്നും ഷാഫി പറഞ്ഞു.