
തിരുവനന്തപുരം: സർവകലാശാലയുടെ ചാൻസലർ പദവിയിൽ ഗവർണറെ തന്നെ നിയമിക്കുന്നതിന് യു.ജി.സി ചട്ടത്തിൽ വരുത്തുന്ന ഭേദഗതിക്ക് പാർലമെന്റിൽ വയ്ക്കും. യു.ജി.സി ആക്ട് പ്രകാരം, അദ്ധ്യാപകരെയും ജീവനക്കാരെയും നിയമിക്കാനുള്ള ചട്ടങ്ങൾ തയ്യാറാക്കാൻ യു.ജി.സിക്ക് അധികാരമുണ്ട്. വൈസ്ചാൻസലർ നിയമന ചട്ടവും ഇതിന്റെ അടിസ്ഥാനത്തിലാണ്..സമാനമായി, ഗവർണർ ചാൻസലറാവണമെന്ന ചട്ടവും ഉൾപ്പെടുത്താനാണ് നീക്കം.
തമിഴ്നാട്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കാനുള്ള നിയമ നിർമ്മാണങ്ങളുണ്ട്. ഒരിടത്തും ഗവർണർമാർ അനുമതി നൽകിയിട്ടില്ല. സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവർണറെ നീക്കി, പകരം മന്ത്രിസഭ നിശ്ചയിക്കുന്നയാളെ ചാൻസലറാക്കിയാൽ സർവകലാശാലകളുടെ സ്വയംഭരണവും സ്വതന്ത്ര സ്വഭാവവും ഇല്ലാതാവുമെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്. അക്കാഡമിക് വിദഗ്ദ്ധനെ ചാൻസലറായി തിരഞ്ഞെടുക്കുന്നത് സെർച്ച് കമ്മിറ്റിയല്ല, സർക്കാരാണ്. സർവകലാശാലകളുടെ പ്രോ ചാൻസലറായ വകുപ്പു മന്ത്രി, മന്ത്രിസഭ തിരഞ്ഞെടുക്കുന്ന ഈ ചാൻസലർക്ക് താഴെയാവുന്നത് പ്രോട്ടോക്കോൾ പ്രശ്നമുണ്ടാക്കും. അദ്ധ്യാപക നിയമനത്തിനടക്കം സർവകലാശാലകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകിയിരിക്കെ, നിയന്ത്രണാധികാരി ഗവർണർ അല്ലാതാവുന്നത് അഴിമതിക്കും സ്വജനപക്ഷപാതത്തിനും വഴിവയ്ക്കുമെന്നും വിലയിരുത്തിയാണ് കേന്ദ്ര നീക്കം.
അദ്ധ്യാപകരുടെ ശമ്പളച്ചെലവിന്റെ 80 ശതമാനം വരെ യു.ജി.സി ഗ്രാന്റായി നൽകുന്നുണ്ട്. സർവകലാശാലകളിലെയും കോളേജുകളിലെയും അടിസ്ഥാനസൗകര്യ വികസനത്തിന് റൂസ വഴി കോടികളുടെ ധനസഹായവും കിട്ടുന്നു. ചാൻസലർ ഗവർണറാണെന്ന് ആക്ടിൽ ഉൾപ്പെടുത്തി സത്യവാങ്മൂലം നൽകിയാണ് സർവകലാശാലകൾ യു.ജി.സിയിൽ നിന്ന് അംഗീകാരം നേടുന്നത്. ചാൻസലറെ മാറ്റാനും യു.ജി.സിയുടെ അനുമതി വേണ്ടി വരും..സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുകയാണ്.