h

തിരുവനന്തപുരം: ഹൈക്കോടതി പുറത്താക്കിയ റിജി ജോണിന് പകരം, ഫിഷറീസ് സർവകലാശാലാ വി.സിയുടെ ചുമതല കുസാറ്റിലെ സീനിയർ പ്രൊഫസർക്ക് കൈമാറാൻ രാജ്ഭവൻ നീക്കം തുടങ്ങി. ഇതിനായി സീനിയർ പ്രൊഫസർമാരുടെ പട്ടിക ഗവ‌ർണർ ആവശ്യപ്പെട്ടിരുന്നു. വി.സിയാവാൻ പത്തുവർഷം പരിചയമുള്ള പ്രൊഫസർ വേണമെന്ന യു.ജി.സി ചട്ടം പാലിച്ചേ മതിയാവൂ എന്നാണ് ഗവർണറുടെ നിലപാട്. അതേസമയം, തന്നെ പുറത്താക്കിയതിനെതിരെ അപ്പീൽ പോകാൻ സമയം നൽകണമെന്ന റിജി ജോണിന്റെ അപേക്ഷയിൽ ഗവർണർ സാവകാശം അനുവദിക്കില്ല.

സർക്കാരിന്റെ ശുപാർശ പ്രകാരം കാർഷിക സർവകലാശാലാ വി.സിയുടെ ചുമതല ഐ.എ.എസ് ഉദ്യോഗസ്ഥയായ ഇഷിതാ റോയിക്ക് കൈമാറിയതും ഗവർണർ പുന:പരിശോധിക്കുകയാണ്. യു.ജി.സി ചട്ടപ്രകാരം ഇഷിതാ റോയിക്ക് വി.സിയാവാൻ യോഗ്യതയില്ല. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷികോത്പാദന കമ്മിഷണറുമാണ് ഇഷിതാ റോയി. കാർഷിക സർവകലാശാലയിലെ സീനിയർ പ്രൊഫസർമാരുടെ പട്ടിക രാജ്ഭവനിലുണ്ട്. ഡൽഹിയിൽ നിന്ന് 21ന് ഗവർണർ തിരിച്ചെത്തിയ ശേഷമാവും തീരുമാനമെടുക്കുക.

സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി ഇല്ലാതിരുന്നതിനാൽ വെ​റ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ.എം.ആർ. ശശീന്ദ്രനാഥിന്റെ നിയമനവും കുരുക്കിലായിട്ടുണ്ട്. പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഗവർണർ അദ്ദേഹത്തിന് നോട്ടീസ് നൽകും.