
വർക്കല: വർക്കല നഗരസഭയിലെ ആറാം വാർഡായ പുല്ലാന്നികോടിലെ ഗുരുനഗർ-എള്ളുവിള ഏലാറോഡ് വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. അരകിലോമീറ്റർ നീളമുള്ള റോഡിൽ 12 വർഷങ്ങൾക്ക് മുമ്പാണ് ടാറിംഗ് നടന്നത്. ഇപ്പോൾ ടാറിംഗ് ഇളകി പൊട്ടിപ്പൊളിഞ്ഞ നിലയിലായ റോഡിൽ മെറ്റൽ ചിതറിക്കിടക്കുകയാണ്. പലയിടങ്ങളിലും കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം ഇതുവഴിയുളള യാത്ര ദുരിതപൂർണമായിരിക്കുകയാണ്. റോഡിനിരുവശവും അറുപതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. സമീപത്ത് ഒരു പട്ടികജാതി കോളനിയുമുണ്ട്. ഇവരുടെയെല്ലാം ഏക ഗതാഗതമാർഗ്ഗമാണ് തകർന്ന് തരിപ്പണമായി കിടക്കുന്നത്. പുന്നമൂട് പബ്ലിക് മാർക്കറ്റിൽ ചെറുകിട കച്ചവടം ചെയ്യുന്ന സ്ത്രീകൾ തലച്ചുമടായി കച്ചവട സാധനങ്ങൾ കൊണ്ടുപോകുന്നത് ഇതുവഴിയാണ്. ആട്ടോറിക്ഷാ ഡ്രൈവർമാർ ഇതുവഴി സവാരി നടത്താൻ വിസമ്മതിക്കുന്നു. ഇരുചക്രവാഹനങ്ങൾ ഇവിടെ നിരന്തരം അപകടങ്ങളിൽ പെടുന്നു.