1

പൂവാർ: സ്മാർട്ടാകാനൊരുങ്ങുകയാണ് തിരുപുറം വില്ലേജ് ഓഫീസ്. ജീവൻ കൈയിൽ പിടിച്ച് പണിയെടുത്ത വില്ലേജ് ജീവനക്കാരുടെയും രാപ്പകലുകളില്ലാതെ പ്രതിഷേധിച്ച പ്രദേശവാസികളുടെയും രണ്ട് പതിറ്റാണ്ടുകളുടെ സ്വപ്നമാണ് ഇതിലൂടെ സഫലമാകുന്നത്. കാറ്റിലുലയുന്ന മേൽക്കൂരയും, വിണ്ടുകീറിയ ചുവരുകളും, പൊട്ടിപ്പൊളിഞ്ഞ ടോയ്‌ലെറ്റും, ജീർണിച്ച ഫർണിച്ചറുകളും, ചിതലരിക്കുന്ന ഫയലുകളും, ഭയത്തോടെ തൊഴിലെടുക്കുന്ന ജീവനക്കാരുമായിരുന്നു ഇന്നലെവരെ തിരുപുറം വില്ലേജ് ഓഫീസിന്റെ അകക്കാഴ്ച. ഇഴജന്തുക്കൾ വിഹരിക്കുന്ന കാട് മൂടിയ പരിസരം, അപകടാവസ്ഥയിൽ നിൽക്കുന്ന പടവൃക്ഷങ്ങൾ, ഇവയ്ക്കിടയിൽ നിലകൊള്ളുന്ന അരനൂറ്റാണ്ടിലധികം പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടം. മഴക്കാലത്ത് ഒതുങ്ങി നിൽക്കാൻ പോലും നാട്ടുകാർ ഓടിക്കയറാൻ ഭയക്കുന്ന കെട്ടിടം. എന്നാൽ പുതിയ കെട്ടിടം വരുന്നതോടെ ഇതിനെല്ലാം വിരാമമാവുകയാണ്. അതോടെ തിരുപുറം വില്ലേജ് ഓഫീസ് സ്മാർട്ടാകും. പുതിയ കെട്ടിടം വരുന്നതുവരെ പഴയകട ജംഗ്ഷനിൽ തന്നെ മറ്റൊരു താത്കാലിക സംവിധാനം ഒരുക്കിക്കഴിഞ്ഞു.

നാൾവഴികൾ

തിരുപുറം വില്ലേജ് ഓഫീസ് പുനർനിർമ്മിക്കണമെന്ന ആവശ്യം മുൻനിറുത്തി പ്രദേശത്തെ സാമൂഹ്യ, രാഷട്രീയ സന്നദ്ധ സംഘടനകൾ നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. കെട്ടിടം നിർമ്മിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ഗ്രാമപഞ്ചായത്ത് കമ്മിറ്റി പാസാക്കി. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അധികൃതർക്ക് മെമ്മോറാണ്ടങ്ങൾ സമർപ്പിച്ചു. ഈ സാഹചര്യത്തിൽ നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് 2019 ഫെബ്രുവരി 4ന് കെ.ആൻസലൻ എം.എൽ.എ നിയമസഭയിൽ വിഷയം ഉന്നയിച്ചിരുന്നു. കെട്ടിടത്തിന്റെ ശോച്യാവസ്ഥ നിയമസഭയ്ക്ക് ബോദ്ധ്യപ്പെട്ടെങ്കിലും ഒന്നാം ഘട്ടത്തിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന വില്ലേജ് ഓഫീസുകളുടെ നിർമ്മാണത്തിന് മുൻഗണന നൽകിയതിനാലാണ് തിരുപുറം അടക്കമുള്ള സ്വന്തം ഭൂമിയിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസുകളുടെ നിർമ്മാണം നീണ്ടുപോയത്.

ഒറ്റനോട്ടത്തിൽ

നെയ്യാറ്റിൻകര താലൂക്കിലെ 21 വില്ലേജുകളിൽ ഒന്നാണ് തിരുപുറം. പഴയകട ജംഗ്‌ഷനിലെ വാടക കെട്ടിടത്തിലായിരുന്നു തുടക്കം. പാർവത്യാർ ആയിരുന്ന കടകത്ത് വീട്ടിൽ കേശവൻ തമ്പി സംഭാവനയായി നൽകിയ 15 സെന്റ് ഭൂമിയിലാണ് ഇന്ന് കാണുന്ന കെട്ടിടം ഉയർന്നത്. വില്ലേജിൽ 1600 ഹെക്ടർ ഭൂവിസ്തൃതിയും 9319 വീടുകളും 38351 ജനസംഖ്യയുമുണ്ട്. അരുമാനൂർ, എട്ടുക്കുറ്റി, നെല്ലിക്കാക്കുഴി, കാക്കത്തോട്ടം, പുത്തൻകട,പഴയകട, ചെക്കടി, ചർച്ച് ജംഗ്ഷൻ, കുറുമനാൽ, അരുമാനൂർക്കട,മനവേലി, പരണിയം, പുറുത്തിവിള, ചാനൽക്കര, പത്തനാവിള, അരുവള്ളൂർ, കാമ്പുകാല തുടങ്ങിയ പ്രദേശങ്ങൾ ഈ വില്ലേജിന്റെ പരിധിയിലാണ്. ഒരു വില്ലേജ് ഓഫീസറെ കൂടാതെ ഒരു സ്പെഷ്യൽ വില്ലേജ് ഓഫീസറും, 2 വില്ലേജ് അസിസ്റ്റന്റും 1 ഡഫേദാറും മാത്രമാണ് ഇവിടെ ജീവനക്കാർ.