c-v-ananda-bose

പശ്ചിമബംഗാൾ ഗവർണറായി മലയാളിയായ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ സി.വി. ആനന്ദബോസ് നിയമിതനായതിൽ കേരളത്തിന് അഭിമാനിക്കാം. പ്രഗത്ഭ ഉദ്യോഗസ്ഥനായ അദ്ദേഹം പരിമിതികളെ അവസരങ്ങളാക്കി മാറ്റുന്നതിൽ മുൻനിരയിലായിരുന്നു. കൊല്ലത്ത് കളക്ടറായിരുന്നപ്പോൾ രൂപം നൽകിയ പല പദ്ധതികളും ഇന്ത്യയ്ക്ക് മാതൃകയായി . അദ്ദേഹം രൂപം നൽകിയ 'ഫയലിൽനിന്ന് വയലിലേക്ക് ' പദ്ധതിയുടെ അന്തഃസത്ത വിപ്ളവകരമായിരുന്നു. പരാതിക്കാർ ഉദ്യോഗസ്ഥന്റെ അടുത്തേക്കല്ല ഉദ്യോഗസ്ഥൻ പരാതിക്കാരുടെ സമൂഹത്തിലേക്കാണ് ഇറങ്ങിച്ചെല്ലേണ്ടതെന്ന സന്ദേശമാണ് പദ്ധതി നൽകിയത്. അത് വിജയകരമായി നടപ്പാക്കുകയും ചെയ്തു.

പദ്ധതിക്ക് വേണ്ടത്ര വളർച്ചയും തുടർച്ചയും ലഭിക്കാതെ പോയത് സ്വന്തം ലാവണത്തിൽത്തന്നെ വിരാജിച്ച് പരാതികൾ കേൾക്കുന്ന രീതി ഉപേക്ഷിക്കാൻ തുടർന്നുവന്ന ഉദ്യോഗസ്ഥർ വൈമുഖ്യം പ്രകടിപ്പിച്ചതിനാലാണ്. പൊതുജനസമ്പർക്ക പരിപാടികളായി പിന്നീട് രാഷ്ട്രീയക്കാർ ഏറ്റെടുത്ത് വിജയിപ്പിച്ചതിന്റെ ആദ്യ രൂപങ്ങളിലൊന്ന് മുന്നോട്ടുവച്ചത് ഈ ഉദ്യോഗസ്ഥനായിരുന്നു. നവീന ആശയങ്ങൾ പറയാൻ ധാരാളം പേരുണ്ടാകും. എന്നാൽ ജനോപകാരപ്രദമായി അതു നടപ്പിലാക്കുന്നവർ കുറവാണ്. ഇവിടെയാണ് ആനന്ദബോസ് വ്യത്യസ്തനായത്. ചെലവ് കുറഞ്ഞ പാർപ്പിട നിർമ്മിതിക്ക് വേണ്ടി അദ്ദേഹം രൂപം നൽകിയ നിർമ്മിതികേന്ദ്രം പല സംസ്ഥാനങ്ങളും ഏറ്റെടുത്ത് വിജയകരമായി കൊണ്ടുപോകുമ്പോഴും കേരളം പിന്നിലേക്കാണ് പോയത്. മിടുക്കിനും വ്യത്യസ്തതയ്ക്കും അംഗീകാരം നൽകാനുള്ള കേരളത്തിന്റെ വൈമുഖ്യമാണ് അതിനു കാരണം.

പ്രവൃത്തിമണ്ഡലം കേരളത്തിൽനിന്ന് മാറ്റിയതിന് ശേഷമാണ് അദ്ദേഹം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. മോദിയുമായുള്ള ബന്ധമാണ് പ്രധാനമായും ഔദ്യോഗിക കാലഘട്ടത്തിന് ശേഷമുള്ള ജീവിതം കൂടുതൽ അർത്ഥവത്താക്കുകയും പുഷ്ടിപ്പെടുത്തുകയും ചെയ്തത്. ഏറ്റെടുക്കുന്ന ഏതുകാര്യവും കൃത്യമായി നടപ്പാക്കുന്നതിൽ ആനന്ദബോസ് പ്രകടിപ്പിക്കുന്ന അർപ്പണബോധം അപൂർവ മാതൃകയാണ്. ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതാകണം തന്റെ ഏതു പ്രവൃത്തിയുമെന്ന നിർബന്ധം അദ്ദേഹം എന്നും പുലർത്തിയിരുന്നു. അതിൽനിന്ന് അണുവിട വ്യതിചലിക്കാൻ ഒരിക്കലും തയ്യാറായിട്ടുമില്ല. പ്രവൃത്തിയിലെ ഈ നൈരന്തര്യത്തിനും മിടുക്കിനും ലഭിച്ച അംഗീകാരമാണ് ഗവർണർ പദവി.

പശ്ചിമബംഗാൾ പോലൊരു വലിയ സംസ്ഥാനത്തിന്റെ ഗവർണറായി ഒരു മലയാളി നിയമിതനാകുന്നത് ചെറിയ കാര്യമല്ല. ഭരണകക്ഷിയുടെ അതിപ്രമുഖരായ രാഷ്ട്രീയ നേതാക്കളെ മാത്രമേ സാധാരണ ഇത്തരം പദവികൾക്ക് പരിഗണിക്കൂ. ഇന്ദിരാഗാന്ധിയുടെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഡോ. പി.സി. അലക്സാണ്ടർ മഹാരാഷ്ട്രയുടെ ഗവർണറായി നിയമിക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് മലയാളിയായ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഇത്രയും വലിയ പദവിയിലെത്തുന്നത്. കഴിവുള്ള ഗവർണർമാർക്ക് ഒരു സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് വേണ്ടി പല സംഭാവനകളും നൽകാനാവും. അതിന് ആദ്യം വേണ്ടത് നിയമിക്കപ്പെടുന്ന സംസ്ഥാനത്തെ ജനങ്ങളുടെ സ്നേഹവും ആദരവും പിടിച്ചുപറ്റുക എന്നതാണ്. ചെപ്പടി, പിപ്പിടി വിദ്യകളിലൂടെ അതിനൊക്കെ ശ്രമിക്കുമ്പോഴാണ് അവഹേളനത്തിന് ഇടയാകുന്നത്. ആനന്ദബോസിന് അതൊന്നും വേണ്ടിവരില്ല. ഭരണഘടനാപരമായ ക്രിയാത്മക ഇടപെടലുകൾ നടത്താനും വിജയിപ്പിക്കാനുമുള്ള അറിവും പരിചയവും അദ്ദേഹത്തിന്റെ ആവനാഴിയിൽ ആവോളമുണ്ട്. അതിനാൽ മലയാളികൾക്ക് അഭിമാനിക്കാൻ ഇനിയും നിരവധി മുഹൂർത്തങ്ങൾ സമ്മാനിക്കുന്നതാവുംഈ സ്ഥാനലബ്ധിയെന്ന് പ്രതീക്ഷിക്കാം.

ആനന്ദബോസ് എന്ന പേരുതന്നെ ബംഗാളികൾക്ക് അദ്ദേഹത്തെ വളരെ പ്രിയങ്കരനാക്കാൻ പോന്നതാണ്. ആ പേരിന് കൂടുതൽ തൂവലുകൾ ചാർത്താൻ ഇടയാകുന്നതാകട്ടെ അദ്ദേഹത്തിന്റെ ഔദ്യോഗിക കാലയളവ് എന്ന് ആശംസിക്കുന്നു.