edu

തിരുവനന്തപുരം: കേരളത്തിൽ പൊതുവിദ്യാഭ്യാസ രംഗത്തുള്ള പ്രവേശനോത്സവവും കലാ-കായിക മേളകളും മഹാരാഷ്ട്രയിലും നടപ്പാക്കുമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപക് വസന്ത് കേസർക്കർ പറഞ്ഞു. കേരള വിദ്യാഭ്യാസ മാതൃകയുമായി ബന്ധപ്പെട്ട പഠനത്തിനായി തിരുവനന്തപുരത്തെത്തിയ മന്ത്രി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ ഏജൻസികളുടെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയും സംയുക്തയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കേരള മോഡൽ വിദ്യാഭ്യാസവും അതിന്റെ ഭരണപരമായ വിവരങ്ങളും പൊതുവിദ്യാഭ്യാസ മേഖലയിലെ നവീന ആശയങ്ങളെ കുറിച്ചും മന്ത്രി വി. ശിവൻകുട്ടിയുമായി ചർച്ച നടത്തി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും തുടർന്നുള്ള വിദ്യാകിരണം പദ്ധതിയും ചർച്ച ചെയ്യപ്പെട്ടു.പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച മാതൃകകളാണ് കേരളം നടപ്പിലാക്കുന്നത്. അവയെല്ലാം മഹാരാഷ്ട്രയിലും നടപ്പാക്കാൻ മന്ത്രി തനിക്കൊപ്പം വന്ന ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

ഭിന്നശേഷി മേഖലയിലെ ഇടപെടലുകളടക്കം സമഗ്രശിക്ഷകേരളയുടെ വിവിധ പരിപാടികളും മറ്റ് ഏജൻസികളുടെ പരിപാടികളും പ്രത്യേകം അവതരിപ്പിക്കപ്പെട്ടു. യോഗത്തിൽ പൊതുവിദ്യാഭ്യാ ഡയറക്ടർ ജീവൻ ബാബു കെ,സമഗ്രശിക്ഷാ കേരളം ഡയറക്ടർ ഡോ.സുപ്രിയ.എ.ആർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജയപ്രകാശ് ആർ.കെ, എസ്.ഐ.ഇ.ടി ഡയറക്ടർ ബി.അബുരാജ്,സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ.പി.പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.