1

വിഴിഞ്ഞം: ലോകകപ്പ് ഫുട്ബാളിൽ മലയാളി ശബ്ദം. മെസിയും നെയ്മറുമൊക്കെ ലോകകപ്പിൽ കാൽപ്പന്ത് തട്ടുമ്പോൾ അവ ഫുട്ബാൾ പ്രേമികളായ ലോക മലയാളികളോട് വിളിച്ചുപറയാൻ വിഴിഞ്ഞം തീരദേശത്തു നിന്ന് ഒരു കായികതാരം. ഖത്തറിൽ നടക്കാൻ പോകുന്ന ലോകകപ്പ് ഫുട്ബാൾ കമന്ററി പറയാൻ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുത്തത് 2 മലയാളികളെയാണ്. തിരുവനന്തപുരം ജില്ലയിൽ നിന്ന് വിഴിഞ്ഞം തെന്നൂർക്കോണം റസ് ഹൗസിൽ എബിൻറോസിനെയാണ് (45) ഫിഫ തിരഞ്ഞെടുത്തത്. മറ്റൊരാൾ വയനാട് സ്വദേശിയാണ്. ആദ്യമായാണ് ഒരു ലോകകപ്പ് ലൈവിൽ മലയാളം കമന്ററി വരുന്നത്. സ്പോർട്സ് 18, ജിയോ എന്നീ ചാനലുകളാണ് മലയാളത്തിൽ കമന്ററി സംപ്രേഷണം ചെയ്യുന്നത്.

ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച അവസരത്തിന്റെ സന്തോഷത്തിലാണ് എബിനും കുടുംബവും. ഐ.എസ്.എല്ലിൽ കമന്ററി പറയാൻ ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും അതുപറ്റാത്ത നിരാശയിലായിരുന്നു. അതിനിടെയാണ് ലോകകപ്പിലേക്കുള്ള ക്ഷണമെന്ന് എബിൻ പറഞ്ഞു.

സ്കൂൾതലം മുതൽ ഫുട്ബാൾ കളിച്ച് തുടങ്ങി. പതിനാറാം വയസിൽ ജില്ലാ ടീമിലും പതിനെട്ടാം വയസിൽ എസ്.ബി.ടിയിൽ കരാറടിസ്ഥാനത്തിൽ കളിച്ചു. പത്തൊമ്പതാം വയസിൽ ട്രാവൻകൂർ ടൈറ്റാനിയത്തിൽ ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ ഇവിടെ സൂപ്രണ്ടായി ജോലിനോക്കുന്നു. 2 വർഷം കൂടി ജോലി തുടർന്നശേഷം രാജിവച്ച് മുഴുവൻ സമയ ഫുട്ബാൾ കോച്ച് ആകാനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് എബിൻ പറഞ്ഞു.

ഒരു വട്ടം ലീഗ് കളിച്ചു. നാലുതവണ സന്തോഷ് ട്രോഫി ടീമിൽ ഉണ്ടായിരുന്നു അതിൽ ഒരു തവണ സന്തോഷ് ട്രോഫി നേടാനായി. നാഷണൽ ഗെയിംസിലും ഒരിക്കൽ കളിച്ചു. ഗോളി ഒഴികെയുള്ള എല്ലാ പൊസിഷനിലും കളിച്ചിട്ടുണ്ട്. തികഞ്ഞ ഇറ്റലി ഫാൻസ് ആണെങ്കിലും ഇത്തവണ ഇറ്റലി ലോകകപ്പിന് യോഗ്യത നേടാത്തതിന്റെ നിരാശയുമുണ്ട്. ഇന്ത്യൻ ഫുട്ബാൾ വളരുകയാണെന്നും അധികം താമസിയാതെ തന്നെ ഇന്ത്യ ലോകകപ്പിൽ കളിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും എബിൻ പറഞ്ഞു.