
വക്കം: അധികൃതരുടെ അനാസ്ഥയും അവഗണനയും കീഴാറ്റിങ്ങൽ വിളയിൽ മൂല കാരാംകുന്ന് റോഡ് അപകടക്കെണിയാകുന്നു. കുത്തനേയുള്ള ഇറക്കവും കൊടുംവളവും ഇവിടെ സ്ഥിരം അപകട മേഘലയായി മാറി. ഇതിനെല്ലാം പുറമെ തെരുവ് വിളക്ക് കത്താത്തതും അപകടകാരണമാകുന്നു. റോഡിൽ കഴിഞ്ഞ ദിവസം സ്കൂട്ടർ ഇരുപതടിയോളം താഴ്ച്ചയിലേയ്ക്കു വീണു തെക്കുംഭാഗം തുരുത്തി കടവിനു സമീപം എം.എസ് നിവാസിൽ ബി. മണി മരിച്ചതാണ് ഒടുവിലത്തെ സംഭവം. പകലും, രാത്രിയും വാഹനാപകടത്തിൽ പെടുന്നവർ നിരവധിയാണ്. കുത്തനെയുള്ള ഇറക്കമിറങ്ങി കൊടും വളവിലേയ്ക്ക് വണ്ടി വളയ്ക്കുമ്പോഴാണ് അപകടം നടക്കുന്നത്. ഈ റോഡിന്റെ വശത്ത് സുരക്ഷാവേലിയോ മറ്റ് സംരക്ഷണ ഭിത്തിയോ ഇല്ലാത്തതാണ് അപകടകാരണമെന്ന് നാട്ടുക്കാർ പറയുന്നു. ഇതോടനുബന്ധിച്ചുള്ള പള്ളിമുക്ക് ഏലാപ്പുറം റോഡ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമ്മിച്ചത്. ജനകീയ കൂട്ടായ്മയുടെ നിരന്തര ആവശ്യപ്രകാരം ജില്ലാ പഞ്ചായത്ത് ഈ റോഡ് നവീകരിക്കുന്നതിനു മുപ്പത്തിയഞ്ചു ലക്ഷം രൂപ അനുവദിച്ചു. ഗ്രാമപഞ്ചായത്തിൽ നിന്നും ഒൻപതുലക്ഷം രൂപയും സംരക്ഷണഭിത്തി നിർമ്മാണത്തിനനുവദിച്ചിരുന്നു എന്നാൽ അശാസ്ത്രീയമായ രീതിയിലാണ് റോഡ് നിർമ്മിച്ചതെന്ന് ആക്ഷേപമുണ്ട്. റോഡിന്റെ ഇരുവശത്തും ഇനിയ സുരക്ഷാവേലികൾ കെട്ടിയിട്ടില്ല. റോഡു നിർമ്മാണത്തിനായി നാട്ടുകാർ ഇരുപത്തി രണ്ട് സെന്റ് സ്ഥലം കൊടുത്തു. റോഡിലെ പൊതു വളവിനു സമീപത്തെ ഭൂമി റോഡ് നിർമ്മാണത്തിനു വിട്ടു നൽകാൻ ഭൂവുടമകൾ തയ്യാറാണ്. ഒരാളുടെ മരണം ഉൾപെടെ പതിനഞ്ചോളം ചെറുതും, വലുതുമായ അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്.