
ഉദിയൻകുളങ്ങര : പാറശാലയിൽ പ്രവർത്തിക്കുന്ന ഗ്രാമന്യായാലയത്തിന്റെ പ്രവൃത്തിദിവസം പഴയപടിയാക്കണമെന്ന ആവശ്യം ശക്തമാവുന്നു. പാറശാലയിൽ എ.ടി.ജോർജ്ജ് എം.എൽ.എയായിരുന്ന കാലത്താണ് ഗ്രാമന്യായാലയം സ്ഥാപിതമായത്. ഒരു ബ്ലോക്കിന്റെ കീഴിൽ വരുന്നതും 2 വർഷം വരെ തടവ് ലഭിക്കുന്നതുമായ കേസുകൾ പരിഗണിക്കുന്നിടമാണ് ഗ്രാമന്യായാലയങ്ങൾ. തുടക്കത്തിൽ ജുഡീഷ്യൽ ഓഫീസർ അടക്കം 11 പേരാണ് ന്യായാലയത്തിൽ ഉണ്ടായിരുന്നത്. 2017 -18 കാലയളവിൽ ന്യായാലയത്തിന്റെ പ്രവൃത്തി ദിവസം ആഴ്ചയിൽ രണ്ടുദിവസം മാത്രമായി തുടർന്നു. 2019 ആയതോടെ ആഴ്ചയിലെ 2 ദിവസം എന്നത് ബുധൻ എന്ന ഒരു ദിവസത്തിലേയ്ക്ക് ഒതുങ്ങുകയും ഓഫീസിലെ ജീവനക്കാരുടെ എണ്ണം അഞ്ചായി ചുരുങ്ങുകയും ചെയ്തു. പാറശാല ആർ.ടി.ഒ ഓഫീസിനോടു ചേർന്നാണ് ഗ്രാമന്യായാലയം പ്രവർത്തിക്കുന്നതെങ്കിലും ഇവിടെയുള്ള ആർ.ടി.ഒ കേസുകൾ ഉൾപ്പെടെ തീർപ്പ് കൽപ്പിക്കുന്നത് നെയ്യാറ്റിൻകര കോടതിയിലാണ്. മജിസ്ട്രേറ്റ് ഓഫീസറുടെ അഭാവമാണ് പ്രവൃത്തി ദിവസം ചുരുങ്ങുന്നതിനുള്ള കാരണം. നെയ്യാറ്റിൻകര പ്രിൻസിപ്പൽ കോടതി ന്യായാധിപനാണ് നിലവിൽ ആഴ്ചയിൽ ഒരു ദിവസം ഇവിടെ തീർപ്പ് കൽപ്പിക്കാൻ എത്തുന്നത്. എൽ.എൽ.ബി ബിരുദധാരികൾക്ക് ട്രെയിനിംഗ് നടത്തി താത്കാലികമായി നിയമനം നടത്തിയാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകും. പ്രദേശത്തെ ചെറിയ പ്രശ്നങ്ങൾ സംഭവസ്ഥലത്തെത്തി പരിഹാരം കാണുവാൻ ഗ്രാമന്യായാലയത്തിന് വാഹനമില്ലാത്തതും മറ്റൊരു പ്രധാന വെല്ലുവിളിയാണ്. എം.വി.ആക്ട് കൂടി ഗ്രാമന്യായാലയങ്ങളിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ പ്രദേശവാസികൾക്ക് ഉപകാരപ്രദമാകുമെന്ന് നാട്ടുകാർ പറയുന്നു.