കടയ്ക്കാവൂർ:കടയ്ക്കാവൂർ എസ്.ആർ.വി എൽ.പി.എസിലെ ഒന്ന് മുതൽ നാല് വരെയുള്ള കുട്ടികൾ പൊലീസ് സ്റ്റേഷൻ കാണാൻ കടയ്ക്കാവൂർ സ്റ്റേഷനിലെത്തി. സ്റ്റേഷനിൽ എത്തിയ കുട്ടികളെ എസ്.എച്ച്.ഒ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു.
കടയ്ക്കാവൂർ ജനമൈത്രി പൊലീസ് നടപ്പിലാക്കിയ 'സ്റ്റുഡന്റ്സ് എ ഡേ വിത്ത് പൊലീസ്' എന്ന പദ്ധതിയുടെ ഭാഗമായാണ് കുട്ടിക്കൂട്ടങ്ങൾ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചത്. കുട്ടികൾക്ക് സ്റ്റേഷൻ പ്രവർത്തനങ്ങളെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു കൊടുത്തു. കടയ്ക്കാവൂർ എസ്.എച്ച്.ഒ അജേഷ് വി., എസ്.ഐ ദീപു, ജനമൈത്രി ബീറ്റ് ഓഫീസർ ജയപ്രസാദ്, പി.ആർ.ഒ ഷാഫി, എസ്.പി.സി.ഒ ജ്യോതിഷ് കുമാർ, ഗിരീഷ് എന്നിവർ കുട്ടികളോട് സംസാരിച്ചു. സ്കൂൾ മാനേജർ ശ്രീലേഖ, അദ്ധ്യാപകരായ മഞ്ജു സിമി, രശ്മി തുടങ്ങി നൂറോളം കുട്ടികളാണ് പൊലീസ് സ്റ്റേഷൻ സന്ദർശിച്ചത്. പുതിയ അനുഭവങ്ങളും അറിവുകളും കുട്ടികൾക്ക് പകർന്നു നൽകുകയും തുടർന്ന് മധുരം നൽകിയുമാണ് കുട്ടികളെ സ്റ്റേഷനിൽ നിന്ന് യാത്രയാക്കിയത്.