
തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളായ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന സമരം 13 ദിവസം പിന്നിട്ടു. മേയറുടെ മുഖംമൂടി അണിഞ്ഞ് അഴിമതി ആരോപണങ്ങൾ ഏറ്റുപറയുന്ന പ്ലക്കാർഡുകൾ ഏന്തിയായിരുന്നു ഇന്നലെ യു.ഡി.എഫ് കൗൺസിലർമാർ സമരം നടത്തിയത്. ഉച്ചയ്ക്ക് ശേഷം കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭയിൽ പന്തം കൊളുത്തി പ്രകടനവും നടത്തി. രാവിലെ യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികൾ നഗരസഭാ കവാടത്തിന് പുറത്ത് ആരംഭിച്ച സത്യഗ്രഹം കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. സുബോധൻ ഉദ്ഘാടനം ചെയ്തു. പൊലീസിന്റെ തേർവാഴ്ചയിലൂടെ മേയറെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മേയർ രാജിവയ്ക്കുംവരെ കോൺഗ്രസും യു.ഡി.എഫും സമരം തുടരുമെന്നും സുബോധൻ പറഞ്ഞു. സമരത്തിനിടെ നഗരസഭയ്ക്ക് മുന്നിൽ സി.പി.എം സ്ഥാപിച്ചിരുന്ന ഷാഫി പറമ്പിലിന്റെ പേരിലുള്ള കത്തുവച്ച ഫ്ലക്സ് ബോർഡുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചു. കൂടാതെ നഗരസഭാ മതിലിൽ പതിച്ചിരുന്ന ഷാഫി പറമ്പിലിനെതിരെയുള്ള പോസ്റ്ററുകളും കീറിക്കളഞ്ഞു. സമരത്തിന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട്, എം. വിൻസെന്റ് എം.എൽ.എ, എം.എ. വാഹീദ്, വർക്കല കാഹാർ, കരുമം സുന്ദരേശൻ, എം.ആർ. മനോജ്, കൗൺസിലർമാരായ ശ്യാംകുമാർ, ആക്കുളം സുരേഷ്, മേരിപുഷ്പം, നേതാക്കളായ ചെമ്പഴന്തി അനിൽ, പാളയം ഉദയകുമാർ, കൈമനം പ്രഭാകരൻ, ശ്രീകണ്ഠൻ നായർ, കൃഷ്ണകുമാർ, ആർ. ഹരികുമാർ, ഡി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
ബി.ജെ.പി സമരം
ബി.ജെ.പി കൗൺസിലർമാർ നഗരസഭയിൽ ഇന്നലെ പ്രതിഷേധ പ്രകടനം നടത്തി. നഗരസഭാ കവാടത്തിന് പുറത്ത് ബി.ജെ.പി നടത്തുന്ന സത്യഗ്രഹ സമരത്തിന് ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ. ഗോപൻ നേതൃത്വം നൽകി. പ്രതിഷേധ പ്രകടനത്തിന് കൗൺസിലർമാരായ തിരുമല അനിൽ, കരമന അജിത്ത്, പത്മ, ദേവിമ പി.എസ്, വി.ജി. ഗിരികുമാർ, ശ്രീദേവി, ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.