
മലയിൻകീഴ്: തച്ചോട്ടുകാവ് - മങ്കാട്ടുകടവ് റോഡിലെ പൊതു ഓട കോൺക്രീറ്റ് ഇട്ടടച്ച് പൊതുമരാമത്ത് വകുപ്പ്. പൊതു ഓട അടച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. നിലവിലുണ്ടായിരുന്ന ഓട കോൺക്രീറ്റ് ഇട്ട് മൂടുകയായിരുന്നു. ഓടയിൽ സ്ലാബ് ഇട്ടിരുന്നെങ്കിൽ റോഡിലെ വെള്ളക്കെട്ടിന് പരിഹാരവും റോഡിന് വീതിയും ഉണ്ടാകുമായിരുന്നു. മഴപെയ്താൽ വെള്ളക്കെട്ട് ആയി മാറുന്ന ഈ റോഡിൽ ഓട ഉണ്ടായിരുന്നപ്പോൾ പോലും യാത്രക്കാർ നന്നേ ബുദ്ധിമുട്ടിയിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് അധികൃതർ വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗത്ത് മെറ്റൽ ഇട്ട് ടാറിംഗ് നടത്തിയിരുന്നു. മഴപെയ്താൽ നേരത്തെ ഈ റോഡിൽ പനങ്കുഴി ഭാഗം ആറായി മാറുമായിരുന്നു. ആ സമയം റോഡിലെ വെള്ളക്കെട്ടിലൂടെ കാൽനട പോലും സാദ്ധ്യമല്ലായിരുന്നു. വാഹനയാത്രക്കാരും പ്രദേശവാസികളും വഴിനടക്കാനാകാതെ ബുദ്ധിമുട്ടിയതിനൊടുവിലാണ് അധികൃതർ റോഡ് ഉയർത്തി നവീകരിച്ചത്. ഓട മൂടിയതോടെ വീണ്ടും മഴപെയ്താൽ റോഡ് വെള്ളക്കെട്ടായി തീരുമെന്നാണ് നാട്ടുകാർ പറയുന്നത്.