
തിരുവനന്തപുരം : 26 വർഷത്തെ സേവനത്തിനുശേഷം പടിയിറങ്ങിയെങ്കിലും സേനയുടെ ഭാഗമാകാനുള്ള ഭാഗ്യം ലഭിച്ചതോടെ വീണ്ടും കാക്കിയണിഞ്ഞ് വി.അജിത്.രണ്ടാം വരവിൽ പേരിനൊപ്പം ഐ.പി.എസിന്റെ തിളക്കവും. തിരുവനന്തപുരം സിറ്റിയുടെ ക്രമസമാധാനം, ട്രാഫിക്ക് ചുമതലകളുള്ള പുതിയ ഡെപ്യൂട്ടി കമ്മീഷണറായി ഇന്നലെ ഉച്ചയ്ക്കാണ് വി.അജിത് ചുമതലയേറ്റത്. കഴിഞ്ഞ ദിവസം ഐ.പി.എസ് ലഭിച്ച സമർത്ഥരായ പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഇടംപിടിച്ചതോടെയാണ് വിരമിച്ചതിന് ശേഷവും അജിത്തിന് യൂണിഫോം അണിയാനുള്ള ഭാഗ്യം ലഭിച്ചത്.പൊലീസ് ആസ്ഥാനത്തെ സ്‌പെഷ്യൽ സെൽ എസ്.പിയായി 2021 മേയിലാണ് അജിത് വിരമിച്ചത്.എന്നാൽ സംസ്ഥാന സർക്കാർ 2020 ൽ ഐ.പി.എസിന് ശുപാർശ ചെയ്തവരുടെ പട്ടികയിൽ അജിത്തും ഉൾപ്പെട്ടിരുന്നു.നടപടികൾ പൂർത്തിയാക്കി യു.പി.എസ്.സി ബുധനാഴ്ചയാണ് പട്ടികയ്ക്ക് അംഗീകാരം നൽകിയത്.വ്യാഴാഴ്ച രാത്രിയോടെ പൊലീസ് തലപ്പത്ത് നടത്തിയ ക്രമീകരണങ്ങളുടെ ഭാഗമായാണ് തിരുവനന്തപുരം ഡി.സി.പിയായി അജിത്തിനെ നിയോഗിച്ചത്.1996-ൽ എറണാകുളത്ത് സബ് ഇൻസ്‌പെക്ടറായിട്ടാണ് അജിത് സർവീസിലെത്തിയത്. തിരുവനന്തപുരം റൂറലിലും കൊല്ലത്തും വിവിധ സ്റ്റേഷനുകളിൽ സബ് ഇൻസ്‌പെക്ടറായി. സി.ഐയായി കൊല്ലം,അടൂർ,കോഴിക്കോട് ടൗൺ തുടങ്ങിയ സ്റ്റേഷനുകളിലെത്തി. പത്തനംതിട്ട,കോട്ടയം,അടൂർ എന്നിവിടങ്ങളിൽ ഡിവൈ.എസ്.പിയായി പ്രവർത്തിച്ച അദ്ദേഹം നിരവധി ക്രമിനൽ കേസുകളുടെ അന്വേഷണത്തിന് ചുക്കാൻ പിടിച്ചു. വിജിലൻസിലും ക്രൈംബ്രാഞ്ചിലും കൂടാതെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ടെമ്പിൾ എസ്.പിയായും പ്രവർത്തിച്ചു.ഐ.പി.എസുകാർക്ക് വിരമിക്കൽ പ്രായം 60 വയസായതിനാൽ മൂന്നുവർഷം കൂടി അജിത്തിന് സർവീസ് ലഭിക്കും. തിരുവനന്തപുരം വർക്കല സ്വദേശിയാണ്.