kk

വർക്കല: പിന്നിലേക്ക് ഓടിയ സ്വകാര്യ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ ശ്രീനിവാസപുരം കണ്വാശ്രമം തെക്കേവിള വീട്ടിൽ അർഷാദ്( 49) മരിച്ചു. വർക്കല തച്ചോട് പൈപ്പിൻമൂട് ജങ്ഷന് സമീപം ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു അപകടം. തച്ചോടു വഴി പാരിപ്പള്ളിയിലേക്കുള്ള മൗഷ്മി ബസ്സാണ് അപകടമുണ്ടാക്കിയത്. പൈപ്പിൻമൂട് ജങ്ഷൻ കഴിഞ്ഞുള്ള കയറ്റം കയറുമ്പോൾ ബസിന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. വേഗത്തിൽ തിരിച്ചിറങ്ങി പിന്നിലുണ്ടായിരുന്ന മത്സ്യവ്യാപാരിയായ അർഷാദിന്റെ ബൈക്കിൽ ഇടിച്ചു. വീണ്ടും പിന്നിലേക്ക് നീങ്ങി സ്റ്റേഷനറി കടയിൽ ഇടിച്ചാണ് നിന്നത്. ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയ അർഷാദ് തത്ക്ഷണം മരിച്ചു. മറ്റൊരു ബൈക്ക് യാത്രികൻ ബൈക്കിൽ നിന്നു ചാടി രക്ഷപ്പെട്ടു. കടയുടമ സുജ പരിക്കുപറ്റാതെ രക്ഷപ്പെട്ടു.

പ്രകോപിതരായ നാട്ടുകാർ ബസ്സിന്റെ മുന്നിലെ ചില്ല് തകർത്തു. ബസ്സിലെ വിദ്യാർഥിനികൾ അസ്വസ്ഥരായി. പനയറ സ്വദേശി നിഷ( 27)നെ വർക്കല താലൂക്ക് ആശുപത്രിയിലാക്കി. അപകടം കണ്ടു ഭയന്ന കടയുടമ സുജയെയും ആശുപത്രിയിലേക്ക് മാറ്റി. ബസ് ജീവനക്കാർ ഓടി രക്ഷപ്പെട്ടു. ഡ്രൈവർ ഷിബു പിന്നീട് അയിരൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തി. ബസ്സിൽ സ്പീഡ് ഗവർണറടക്കമുള്ള സംവിധാനങ്ങളില്ലെന്ന് കണ്ടെത്തി. അർഷാദിന്റെ ഭാര്യ: സുനീത സോഫിയ. മക്കൾ: അൻവർഷാദ്, നാദിർഷാദ്, ഇർഷാദ്, അർഷാന.

ഫോട്ടോ - അപകടത്തിൽപ്പെട്ട ബസ്.

ഫോട്ടോ - അപകടത്തിൽ മരിച്ച അർഷാദ്.