തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന്‌ തീയിട്ടെന്ന് സംശയിക്കുന്ന പ്രകാശിന്റെ ദുരൂഹ മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എസ്.പി പി.പി.സദാനന്ദനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ആർ.ബൈജുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കന്റോൺമെന്റ് അസി. കമ്മിഷണർ വി.എസ്.ദിനരാജ്, ക്രൈംബ്രാഞ്ച് സി.ഐ എം.സുരേഷ് കുമാർ, എസ്.ഐമാരായ ബി.എൻ.റോയ്, അനിൽകുമാർ, എ.എസ്.ഐ എസ്.ആർ.ശിവകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എൽ.ബിന്ദു, എം.ഷാജികുമാർ, സി.ബി.ശ്രീകാന്ത്, എൽ.ഡി.സുജിത്, ഡി.ആർ. ലിപിൻരാജ് എന്നിവരാണ് സംഘത്തിലുള്ളത്.
പ്രകാശിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രകാശിനൊപ്പം ആശ്രമം കത്തിച്ച സംഘത്തിലുണ്ടായിരുന്ന ഇവർ സംഭവം പുറത്തു പറഞ്ഞെന്നാരോപിച്ച് പ്രകാശിനെ ക്രൂരമായി മർദ്ദിച്ചതായി പ്രകാശിന്റെ സഹോദരൻ പ്രശാന്ത്‌ വെളിപ്പെടുത്തിയിരുന്നു.