pipe-water

തിരുവനന്തപുരം: നഗരത്തിൽ വീണ്ടും പൈപ്പ് പൊട്ടി. നഗരത്തിന്റെ ഹൃദയഭാഗമായ ബേക്കറി ജംഗ്ഷനിൽ റിസർവ് ബാങ്ക് സ്ഥിതി ചെയ്യുന്നതിന് സമീപത്തായാണ് ഇന്നലെ രാത്രിയോടെ പൈപ്പ് പൊട്ടിയത്. നന്ദാവനം റോഡിൽ നിന്ന് ബേക്കറി ജംഗ്ഷനിലേക്ക് വരുമ്പോൾ ജില്ലാകോൺഗ്രസ് ഓഫീസിന് മുന്നിലൂടെ വാൻറോസ് ജംഗ്ഷനിലേക്ക് കടക്കുന്ന റോഡിന്റെ മദ്ധ്യത്താണ് പൊട്ടൽ കണ്ടെത്തിയത്. ചെറിയ ചോർച്ചയിൽ തുടങ്ങി പിന്നീട് വലിയ പൊട്ടലാവികയായിരുന്നു. രണ്ടാഴ്ച മുമ്പ് റിസർവ് ബാങ്കിന്റെ മതിലിന്റെ ഭാഗത്ത് പൈപ്പിൽ ചോർച്ച ഉണ്ടായിരുന്നു. വാട്ടർ അതോറിട്ടി നടത്തിയ പരിശോധനയിൽ ചോർച്ച എവിടെയാണെന്ന് കൃത്യമായി കണ്ടെത്താനായിരുന്നില്ല. റോഡ് വെട്ടിക്കുഴിക്കാൻ പരിമിതികളുള്ളതിനാൽ അനുമതി വാങ്ങിയ ശേഷം നടത്തിയ പരിശോധനയിലാണ് പൈപ്പ് പൊട്ടൽ കണ്ടെത്തിയത്. റോഡിൽ ശക്തമായി വെള്ളം ചീറ്റിത്തെറിക്കുന്നുണ്ട്. 315 എം.എം ഹൈ ഡെൻസിറ്റി പോളി എത്തിലീൻ പൈപ്പാണ് പൊട്ടിയത്. ഈ വിഭാഗത്തിൽപ്പെട്ട പൈപ്പുകളിൽ നിരന്തരം ചോർച്ചയുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ വാട്ടർ അതോറിട്ടി അധികം ഉപയോഗിക്കുന്നില്ലെന്ന് പാളയം സെക്ഷനിലെ എക്സിക്യുട്ടീവ് എൻജിനിയർ പറഞ്ഞു. ഇന്ന് രാത്രി ചോർച്ച പരിഹരിക്കാനുള്ള പണികൾ തുടങ്ങും.

 ജലവിതരണം മുടങ്ങും
നന്ദാവനം- ബേക്കറി ജംഗ്ഷൻ റോഡിൽ പൈപ്പ് ലൈനിലെ ചോർച്ച അടയ്ക്കുന്നതിനാൽ നന്ദാവനം, ബേക്കറി, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്,ആയുർവേദ കോളേജ്, ഗാന്ധാരി അമ്മൻകോവിൽ റോഡ്,മേലേതമ്പാനൂർ,പുളിമൂട് എന്നിവിടങ്ങളിൽ ഇന്ന് രാത്രി 10 മുതൽ നാളെ രാവിലെ 10 വരെ ജലവിതരണം തടസപ്പെടും.