
കൊമ്പും കുലുക്കിയുള്ള വമ്പന്റെ വരവാണ് കുമ്പക്കുടി സുധാകർജി നടന്ന് വരുന്നത് കണ്ടാൽ ആളുകൾക്ക് തോന്നാറ്. പലരും പേടിച്ചാ വഴിയേ പോകാറില്ല. ചിലരൊക്കെ വഴി മാറിപ്പോകും. ചിലരൊക്കെ നിന്നിടത്ത് നിൽക്കും. കുമ്പക്കുടിജി പോയിക്കഴിഞ്ഞിട്ട് പോകാമല്ലോ എന്ന് കരുതും. പക്ഷേ ഇപ്പറയുന്ന ആളുകൾക്കൊക്കെ ശരിക്കും പറഞ്ഞാൽ വല്ലാത്ത തെറ്റിദ്ധാരണയാണ് ഉണ്ടായിട്ടുള്ളത്. കുമ്പക്കുടി സുധാകർജിയെ കണ്ടാൽ എന്തോ വലിപ്പം തോന്നിപ്പോകാമെങ്കിലും ആളിന്റെ ഉള്ളം വളരെ മൃദുവാണ്. സംഗതി ശുദ്ധഗതിയാണ്. നേരേ വാ, നേരേ പോ എന്നാണ് പ്രകൃതം. പ്രാവിന്റെ മനസാണ്. പക്ഷേ അപാര ധൈര്യവുമുള്ളയാളാണ്. ഏത് കുറ്റാക്കുറ്റിരുട്ടിലും കീരി, പാമ്പ്, തേൾ എന്നിത്യാദികളെയെല്ലാം കശക്കിയെറിയാനുള്ള ധൈര്യമൊക്കെയുണ്ട്. പക്ഷേ ആളൊരു പാവം. അടിക്ക് തട എന്നേ രീതിയുള്ളൂ.
സുധാകർജി ഉള്ള കാര്യം ഉള്ളതു പോലെ പറയാറുണ്ട്. ഭാ.ജ.പാക്കാർ ഒരിക്കൽ പോരുന്നോ എന്ന് കണ്ണുകാണിച്ചതായി കേട്ടിട്ടുണ്ട്. കണ്ണ് കാണിച്ച ദിക്കിലേക്ക് പോയെന്നും പോയിട്ടില്ലെന്നും ആളുകൾ പറയുന്നു. സുധാകർജി പോയിട്ടുണ്ടെന്ന് തന്നെയാണ് ദ്രോണർ വിശ്വസിക്കുന്നത്. കാരണം സുധാകർജിക്ക് ഏത് കാര്യത്തിലും നിജസ്ഥിതി മനസിലാക്കാനുള്ള ഔത്സുക്യം കൂടുതലാണ്. ഭാ.ജ.പാക്കാർ കണ്ണ് കാണിച്ചെങ്കിൽ അതിന്റെ ഗുട്ടൻസ് എന്താണെന്ന് മനസിലാക്കേണ്ടതല്ലേ. വടശ്ശേരി സതീശൻജിയോ അല്ലെങ്കിൽ കേമുരളീധരൻജിയോ അങ്ങനെ പോകാൻ ധൈര്യപ്പെട്ടെന്ന് വരില്ല. അവർക്കൊന്നും സുധാകർജിയെപ്പോലുള്ള മനക്കട്ടിയില്ല. പത്ത് പതിനാറ് മല്ലന്മാരോട് ഒറ്റയ്ക്ക് ഏറ്റുമുട്ടാൻ ഏത് പാതിരാത്രിക്കും പോകാൻ ധൈര്യമുള്ളയാളാണ് സുധാകർജി. പണ്ട് ബ്രണ്ണൻ കോളേജിൽ പിണറായിസഖാവ് കൈരണ്ടും കൂട്ടിയിടിച്ച് പ്രത്യേക ഏക്‌ഷൻ കാണിച്ച സംഗതി കേട്ടിട്ടില്ലേ. അവിടെ സുധാകർജി മലർന്നടിച്ച് വീണു എന്നാണോ നിങ്ങളൊക്കെ ധരിച്ചുവച്ചിട്ടുള്ളത്! എന്നാൽ അങ്ങനെയല്ല സംഗതി. സുധാകർജി തിരിച്ച് വേറെയൊരു ഏക്‌ഷൻ കാണിച്ചു എന്നാണ് കേട്ടിട്ടുള്ളത്.
ആ സുധാകർജിയോട് കൂട്ടിമുട്ടാൻ ചിലപ്പോൾ ഒരു പിണറായി സഖാവ് ധൈര്യപ്പെട്ടേക്കാം. മറ്റാരും ധൈര്യപ്പെടാറില്ല. എന്നുവച്ച് ആളെയങ്ങോട്ട് തെറ്റിദ്ധരിക്കുന്നത് എന്തിനാണ് എന്നാണ് മനസിലാവാത്തത്. ആൾ ശുദ്ധ പാവമാണെന്ന് നേരത്തേ പറഞ്ഞല്ലോ. ആര് സഹായം ചോദിച്ച് വന്നാലും കണ്ണുംപൂട്ടി സഹായിക്കുന്ന മനസാണ്. ആർ.എസ്.എസുകാർ ശാഖയ്ക്ക് സംരക്ഷണം തരുമോ എന്ന് ചോദിച്ച് കുമ്പക്കുടിജിയെ കണ്ടപ്പോൾ, നാല് ജീപ്പിലും പന്ത്രണ്ട് ലോറിയിലുമായി ആളുകളെ അയച്ച് സംരക്ഷണം കൊടുത്തിട്ടുണ്ട്. അതിന് കൂലി ചോദിച്ചിട്ടില്ല. അങ്ങനെ കൂലിക്ക് സഹായം ചെയ്യുന്ന ക്വട്ടേഷൻ പാർട്ടിയല്ല കുമ്പക്കുടിജി.
ആർ.എസ്.എസിന് സഹായം കൊടുത്തു എന്ന് നാലാളോട് വിളിച്ചുപറയാനും വേണം ധൈര്യം. അതുണ്ടായി എന്നതാണ് കുമ്പക്കുടിജിയെ വേറിട്ട മനുഷ്യനാക്കുന്നത്. പണ്ഡിറ്റ് നെഹ്റു എന്താണ് ചെയ്തത്. ആർ.എസ്.എസിന്റെ ശ്യാമപ്രസാദ് മുഖർജിയെ വരെ സ്വന്തം മന്ത്രിസഭയിലെടുത്തില്ലേ. നെഹ്റു കാണിച്ച ഈ ധൈര്യത്തെ തുറന്നുകാണിക്കാൻ വടശ്ശേരി സതീശൻജിയോ ചെന്നിത്തല രമേശ്‌ജിയോ തയാറാകുമോ? അവർക്കൊക്കെ കുറച്ചിലാണ്. കുമ്പക്കുടിജിക്ക് അങ്ങനത്തെ കുറച്ചിലൊന്നുമില്ല. ഉള്ളത് ഉള്ളതുപോലെ പറയുന്ന ആളാണ്.
ആളുകൾക്ക് കുമ്പക്കുടി പറയുന്നത് കേട്ടാൽ തോന്നിപ്പോവുക, ഈ ആർ.എസ്.എസ് എന്തോ സംഭവമാണെന്നാണ്. കുമ്പക്കുടിക്ക് അതങ്ങനെയല്ലെന്ന ഉറച്ച ബോദ്ധ്യമുണ്ട്. പലേ ദിക്കിലും ഖദറുടുത്ത് നടക്കുന്നവരുടെ അകത്ത് കാക്കിനിക്കർ സഭാകമ്പത്തോടെ പുറത്തേക്ക് വരണോ വേണ്ടയോ എന്ന മട്ടിൽ നിൽക്കുന്നുണ്ടെന്ന് കുമ്പക്കുടിക്ക് അറിയാം. ഗാന്ധി നൂൽനൂറ്റ് ഖദറുണ്ടാക്കിയപ്പോൾ ഇങ്ങനെയൊരു കാക്കിനിക്കറിനുള്ള സാദ്ധ്യത അന്ന് കണ്ടിട്ടുണ്ടായിരുന്നില്ല. കുമ്പക്കുടി ആൾ ഗാന്ധിയെ പോലെയാണെങ്കിലും എല്ലാ കാര്യത്തിലും ഗാന്ധിയുടേത് മാതിരിയല്ല.
ആർ.എസ്.എസിനെ പിടിച്ച കുമ്പക്കുടിയെ കണ്ടിട്ട് പലരും പലതും പറയുന്നുണ്ടെങ്കിലും അതിലൊന്നും ഒരു കാര്യവുമില്ല. പലേ വേതാളങ്ങളെയും പെരുവിരലിൽ തൂക്കിയെടുത്തിട്ടുള്ള കുമ്പക്കുടിക്ക് ആർ.എസ്.എസൊന്നും ഒരു ഇഷ്യുവേ അല്ല.
- കത്തെഴുത്ത് പരിപാടിയൊക്കെ ആനാവൂർ നാഗപ്പൻ സഖാവിന് തീരേ ഇഷ്ടമില്ലാത്തതാണ്. കത്തോ, ഏത് കത്ത്, എന്ത് കത്ത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. തിരുവനന്തപുരത്തെ മേയറുടെ കത്ത്, സഹകരണ സംഘത്തിലേക്കുള്ള നാഗപ്പൻ സഖാവിന്റെ കത്ത് എന്നിങ്ങനെ പലപല കത്തുകളെപ്പറ്റി ആളുകൾ പറയുന്നത് കേട്ടപ്പോൾ ശരിക്കും പറഞ്ഞാൽ നാഗപ്പൻ സഖാവ് നെഹ്റുവിന്റെ ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന പുസ്തകം എവിടെയോ കണ്ട കാര്യമാണ് ഓർത്തുപോയത്. അതല്ലാതെ പള്ളിക്കൂടത്തിൽ പഠിക്കുന്ന കാലത്ത് പോലും ആർക്കും ഒരു ഊമക്കത്തെങ്കിലും അയച്ച ചരിത്രം അദ്ദേഹത്തിനുണ്ടായിട്ടില്ല. ഈ കത്ത് എന്ന് പറയുന്നത് തന്നെ ബൂർഷ്വാ ഏർപ്പാടാണെന്ന് ആർക്കാണ് അറിയാത്തത്. ആരറിഞ്ഞില്ലെങ്കിലും നാഗപ്പൻ സഖാവിന് അത് ബൂർഷ്വാ ഏർപ്പാടാണെന്ന് നൂറ്റുക്കുനൂറ് ശതമാനം ബോദ്ധ്യമുണ്ട്. ഈ സഖാവിനെയാണ് ആളുകൾ അതുമിതും പറഞ്ഞ് അപഹസിക്കുന്നത്. ജനകീയ ജനാധിപത്യ വിപ്ലവം വിരിയുന്നതിന് തടസ്സം ഇത്തരം ആളുകളാണ്. എന്താണ് ചെയ്യുക!
ഇ-മെയിൽ: dronar.keralakaumudi@gmail.com