bus-stop

തിരുവനന്തപുരം: നഗരത്തിലെ ബസ് ഷെൽട്ടറുകളിൽ രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തതുകാരണം വലയുകയാണ് യാത്രക്കാർ. തെരുവ് വിളക്കുകളെയും സമീപമുളള സ്ഥാപനങ്ങളെയും ആശ്രയിച്ചാണ് ഭൂരിപക്ഷം ബസ് ഷെൽട്ടറുകളിലും വെളിച്ചം ലഭിക്കുന്നത്. തെരുവ് വിളക്കുകൾ പണി മുടക്കിയാൽ ബസ് സ്റ്രോപ്പും ഇരുട്ടിലാവും. ഇഴജന്തുക്കളുടെ ശല്യവും മോഷണശ്രമങ്ങളും തുടർക്കഥയാണ്. പൂജപ്പുര,ജഗതി,വഴുതക്കാട്,ബേക്കറി ജംഗ്ഷൻ,ഓൾ സെയിന്റ്സ് കോളേജ്,പേട്ട,കുമാരപുരം,മെഡിക്കൽ കോളേജ്,വട്ടിയൂർക്കാവ് തുടങ്ങിയ സ്ഥലങ്ങളിലെ ബസ് ഷെൽട്ടറുകളിൽ രാത്രിയായാൽ യാത്രക്കാർക്ക് ഭയത്തോടെയല്ലാതെ നിൽക്കാനാവില്ല. ലക്ഷങ്ങൾ മുടക്കി എം.എൽ.എമാരുടെയും എം.പിമാരുടെയും പേരിൽ പണിത ബസ് ഷെൽട്ടറുകളാണ് ഇവയിലധികവും. നഗരസഭ പരിപാലനം കരാർ കമ്പനികളെയാണ് ഏൽപ്പിച്ചിട്ടുള്ളത്. കരാറുകാർ കൃത്യമായ പരിശോധന നടത്താറില്ലെന്നാണ് പരാതി.എന്നാൽ സ്വകാര്യ ക്ലബുകളും സംഘടനകളും സ്ഥാപിച്ച ബസ് ഷെൽട്ടറുകൾക്ക് ഇതിനെക്കാൾ സൗകര്യവുമുണ്ടത്രെ പനവിള പോലുള്ള സ്ഥലങ്ങളിൽ സ്മാർട്ട് സിറ്റി പദ്ധതിയുടെ കീഴിൽ നിർമ്മിച്ച ബസ് ഷെൽട്ടറുകളിലും വാഗ്ദ്ധാനങ്ങൾ പാലിക്കുന്നില്ല.വൈഫൈ,മൊബൈൽ ചാർജിംഗ് പോയിന്റ്,എഫ്.എം.റേഡിയോ,സി.സി.ടി.വി, കിയോസ്ക് എന്നീ സംവിധാനങ്ങളും വാക്കുകളിൽ ഒതുങ്ങുന്നു.


പകലും സ്ഥിതി മെച്ചമല്ല

രാത്രികാലങ്ങളിൽ ഇരുട്ട് മൂടിക്കിടക്കുന്ന പല ബസ് ഷെൽട്ടറുകളുടെ അവസ്ഥ പകലും ഇതിലും ദയനീയമാണ്.വഴുതക്കാട് നഗരസഭ ഏറെ പ്രതീക്ഷകളോടെ സ്ഥാപിച്ച സൗഹൃദ ബസ് കാത്തിപ്പ് കേന്ദ്രം മഴ കൊള്ളാതെ ഒതുങ്ങി നിൽക്കാനുള്ള സ്ഥലം മാത്രമാണ്.ലൈറ്റോ ഫാനോ പ്രവർത്തിക്കാറില്ല.ടോയ്ലറ്റുകൾ ദുർഗന്ധം വമിച്ച അവസ്ഥയാണ്. മുലയൂട്ടാൻ സജ്ജീകരിച്ചിരുന്ന സ്ഥലത്തും ഇരുട്ട് മൂടിക്കിടക്കുന്നതിനാൽ സുരക്ഷിതത്വമില്ലെന്ന് സ്ത്രീ യാത്രക്കാർ പറയുന്നു.ഓൾ സെയിന്റ്സ് കോളേജിനടുത്തെ ബസ് ഷെൽട്ടർ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഉപയോഗപ്പെടാതെ കാടുകയറിക്കിടക്കുകയാണ്.ചാക്കയിലെ ബസ് സ്റ്റോപ്പും പൊട്ടിപ്പൊളിഞ്ഞ് കിടക്കാറായിട്ട് നാളുകളായി.കേശവദാസപുരത്ത് നിന്ന് ഉള്ളൂരിലേയ്ക്ക് പോകുന്ന ഭാഗത്തും നല്ലൊരു കാത്തിരിപ്പ് കേന്ദ്രമില്ല.മേൽക്കൂരയില്ലാത്ത ബസ് ഷെൽട്ടറുകളും ഇക്കൂട്ടത്തിലുണ്ട്. ശംഖുംമുഖത്തും പെരുമാതുറയിലും വേളിയിലുമൊക്കെ മണിക്കൂറുകളോളം വെയിലത്ത് നിന്നാണ് ആളുകൾ ബസ് കയറുന്നത്.തിരുമല പോലെ തിരക്കുള്ള ജംഗ്ഷനുകളിൽ പേരിന് പോലും ബസ് ഷെൽട്ടറില്ല.


'പരിപാലന ചുമതലയുള്ള കരാറുകാർക്ക് നഗരസഭ നോട്ടീസ് കൊടുത്തിട്ടുണ്ട്.അതിനുമുമ്പ് പരിപാലനത്തിനും മറ്രും ഫണ്ട് അനുവദിക്കാനുള്ള നടപടികൾ സ്വീകരിക്കും.

വി.കെ.പ്രശാന്ത്,

വട്ടിയൂർക്കാവ് എം.എൽ.എ


'വഴുതക്കാട് ബസ് ഷെൽട്ടറിൽ വൈദ്യുതിയുടെയും പൈപ്പിന്റെയും കണക്ഷൻ നഗരസഭ ഇതുവരെ അനുവദിച്ചിട്ടില്ല.പ്ലംബിംഗ് ഉൾപ്പെടെ പൂർത്തിയായിട്ടും ഷെൽട്ടർ പ്രയോജനപ്പെടാതെ പോകുന്നു.'

രാഖി രവികുമാർ,

വഴുതക്കാട് വാർഡ് കൗൺസിലർ