gg

എറണാകുളത്ത് പനമ്പിള്ളി നഗറിൽ അമ്മയോടൊപ്പം പോയ മൂന്നുവയസുകാരൻ മൂടിയില്ലാത്ത ഓടയിൽ വീണ് മരണത്തെ മുഖാമുഖം കണ്ട ഞെട്ടിപ്പിക്കുന്ന സംഭവം സംസ്ഥാനത്ത് എവിടെയും നടക്കാവുന്നതാണ്. അത്രയേറെ അരക്ഷിതമാണ് നഗരങ്ങളിലെ നടപ്പാതകളും വെള്ളം ഒഴുകിപ്പോകാൻ വേണ്ടി അശാസ്ത്രീയമായി നിർമ്മിച്ചിട്ടുള്ള കാനകളും. കൊച്ചുകുട്ടികൾ മാത്രമല്ല, പ്രായവ്യത്യാസമില്ലാതെ പലരും ഇത്തരം കാനകളിൽ വീഴാറുണ്ട്. ചിലർ മരണമടഞ്ഞിട്ടുമുണ്ട്. കാൽനടക്കാർക്കു മരണക്കെണിയൊരുക്കി തെരുവോരങ്ങളിൽ കാണുന്ന കാനകൾക്ക് മൂടി വേണമെന്നോ സംരക്ഷണവേലി വേണമെന്നോ സാധാരണഗതിയിൽ അധികൃതർക്കു തോന്നാറില്ല. ഇതൊന്നും തങ്ങളുടെ ചുമതലയല്ലെന്ന മട്ടിലാണു പെരുമാറ്റം. ആളുകൾ വീണ് ഗുരുതരമായി പരിക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്യുമ്പോഴാണ് അത് വലിയ വാർത്തയാകുന്നതും അടിയന്തര ഇടപെടലുകൾ ഉണ്ടാകുന്നതും. മനുഷ്യജീവന് ഇത്രയും വിലയില്ലാത്ത ഒരു നാട് ഒരുപക്ഷേ കേരളമായിരിക്കും.

പനമ്പിള്ളി നഗറിൽ മൂന്നുവയസുകാരനു നേരിട്ട ദുരനുഭവം ഹൈക്കോടതിയുടെ അടിയന്തര ഇടപെടലിന് വിഷയീഭവിച്ചത് നന്നായി. ഇതുപോലുള്ള അപകടസംഭവങ്ങളിൽ മുമ്പും കോടതി ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. കോടതിയെ ധിക്കരിക്കാൻ വയ്യാത്തതുകൊണ്ട് പലപ്പോഴും പ്രശ്നത്തിന് പരിഹാരവും ഉണ്ടാകാറുണ്ട്. എന്നാൽ ഇതുപോലെ അധികൃതരുടെ ഉത്തരവാദിത്വരാഹിത്യം മൂലമുണ്ടാകുന്ന അപകടങ്ങളിൽ സദാ ഇടപെട്ടുകൊണ്ടിരിക്കാൻ തിരക്കുപിടിച്ച കൃത്യനിർവഹണത്തിനിടയിൽ കോടതിക്കും പരിമിതികളുണ്ടെന്ന വസ്തുത മറന്നുകൂടാ.

പൊതുനിരത്തുകളോടു ചേർന്നുള്ള കാനകൾക്ക് നിർബന്ധമായും മൂടി വേണമെന്നത് കാൽനടക്കാരുടെ അവകാശമാണ്. അത് ഉറപ്പാക്കേണ്ടത് മരാമത്തുവകുപ്പും അതതു തദ്ദേശസ്ഥാപനങ്ങളുമാണ്. കാനയ്ക്കു മുകളിലിടുന്ന മൂടികൾ സഞ്ചാരയോഗ്യവുമാകണം. ഇപ്പോൾ ഒട്ടുമിക്കയിടങ്ങളിലും കാണുന്നതുപോലെ പൊട്ടിയും പൊളിഞ്ഞതുമാകരുത്. മൂടിയില്ലാത്തതിനേക്കാൾ അപകടകരമാണ് പൊട്ടിത്തകർന്ന നിലയിലുള്ള മൂടികൾ. കാലെടുത്തുവയ്ക്കുമ്പോൾ സ്ളാബ് തകർന്ന് കാനയിൽ വീണ് ദീർഘകാലം ചികിത്സ തേടേണ്ടിവന്നവർ നിരവധിയുണ്ട്.

പൊതുനിരത്തുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് മുറവിളി കൂട്ടുന്നവർ പോലും നിരത്തുവക്കിലെ ഓടകളുടെ ദുർഘടാവസ്ഥയെക്കുറിച്ച് സാധാരണ പരാതിപ്പെട്ടു കാണാറില്ല. റോഡിലെ കുണ്ടും കുഴിയും സുഗമമായ സഞ്ചാരത്തിനു തടസമാകുന്നതുകൊണ്ടാണ് അതുസംബന്ധിച്ച പരാതികൾ കൂടുതൽ ഉയർന്നു കേൾക്കുന്നത്. നടപ്പാതകളിലെ അപകടക്കെണികൾ കാൽനടക്കാരുടെ മാത്രം പ്രശ്നമാകയാൽ പലപ്പോഴും വേണ്ടത്ര ശ്രദ്ധ ലഭിക്കാറുമില്ല. വിശാലമായ നടപ്പാത ഇവിടെ സ്വപ്നം മാത്രമാണ്. നടപ്പാതകൾ ഉള്ളിടങ്ങളിൽ പോലും അവ കാൽനടക്കാർക്ക് പൂർണമായും കിട്ടാറുമില്ല. സകല കൈയേറ്റങ്ങൾക്കും ഇരയാകുന്നത് നടപ്പാതകളാണ്. കച്ചവടസ്ഥാപനങ്ങൾ മുതൽ വാഹന പാർക്കിംഗിനുവരെയുള്ള ഇടങ്ങളായി മാറിയിരിക്കുന്നു ഇവിടത്തെ നടപ്പാതകൾ. ഹെൽമറ്റ് ഇല്ലാത്തവരെ പിടിക്കാൻ ഓടിനടക്കുന്ന നിയമപാലകർ നിരത്തിലെ ഈ കൈയേറ്റങ്ങൾ കാണാറേയില്ല.

പൊതു ഇടങ്ങൾ അപകടരഹിതവും ജനസൗഹൃദവുമായി ഇരിക്കണമെന്ന് ഉദ്യോഗസ്ഥർക്കു വിചാരമുണ്ടെങ്കിലേ നഗരങ്ങളും ഗ്രാമങ്ങളും ഉന്നതനിലവാരത്തിലെത്തൂ. പൊതുസേവനങ്ങൾക്ക് അക്കൗണ്ടബിലിറ്റി ഉണ്ടായിരിക്കണം. ആവശ്യത്തിലേറെ ഉദ്യോഗസ്ഥർ ഉണ്ടായിട്ടും കാര്യങ്ങൾ നേരെചൊവ്വേ നടക്കുന്നില്ലെങ്കിൽ അതിനു കാരണം കൃത്യനിർവഹണം ശരിയായ വിധത്തിൽ നടക്കാത്തതാണ്. പനമ്പിള്ളി നഗറിലെ കാനകൾ അപകടരഹിതമാക്കാനാവശ്യമായ നടപടികൾ പൂർത്തിയാക്കാൻ കൊച്ചി കോർപ്പറേഷന് കോടതി രണ്ടാഴ്ച സമയമാണു നൽകിയിരിക്കുന്നത്. കുട്ടി കാനയിൽ വീണതിന് കോർപ്പറേഷൻ അധികൃതർ മാപ്പിരക്കുകയും ചെയ്തു. പനമ്പിള്ളി നഗറിൽ കാര്യങ്ങൾ നേരെയായാലും മറ്റിടങ്ങളിലും ഇതുപോലുള്ള തുറന്ന കാനകളും ഓടകളും മനുഷ്യരെ വീഴ്‌ത്താനായി കാത്തിരിപ്പുണ്ടെന്ന് ഓർക്കണം.