തിരുവനന്തപുരം: കൊവിഡ് മഹാമാരിക്ക് ശേഷം വീണ്ടുമൊരു ജില്ലാകലോത്സവത്തിന് ഒരുങ്ങുകയാണ് തിരുവനന്തപുരം. ഈ വർഷത്തെ റവന്യു ജില്ലാ സ്കൂൾ കലോത്സവം 22 മുതൽ 26 വരെ ഗവ.കോട്ടൺഹിൽ ജി.എച്ച്.എസ്.എസിൽ നടക്കും. 12 ഉപജില്ലകളിൽ നിന്നായി 7000ത്തോളം കുട്ടികൾ അഞ്ച് ദിവസമായി നടക്കുന്ന മേളയിൽ മാറ്റുരയ്ക്കും. ഗവ.ഗേൾസ് ഹയർസെക്കൻഡറി കോട്ടൺഹിൽ, ഗവ.എൽ.പി.എസ് കോട്ടൺഹിൽ, ഗവ.പി.പി.ടി.ടി.ഐ കോട്ടൺഹിൽ, വഴുതക്കാട് എസ്.എസ്.ഡി ശിശുവിഹാർ യു.പി.എസ്, വഴുതക്കാട് കാർമൽ ഗേൾസ് എച്ച്.എസ്.എസ് എന്നീ സ്കൂളുകളിലായി 12 വേദികളിലായാണ് മത്സരം നടക്കുക.
22ന് വൈകിട്ട് 4ന് നടക്കുന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു കലോത്സവം ഉദ്ഘാടനം ചെയ്യും. മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ജി.ആർ.അനിൽ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ.പ്രശാന്ത്, ജി.സ്റ്റീഫൻ, ഐ.ബി.സതീഷ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. 26ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കവി മുരുകൻ കാട്ടാക്കട, നടി അവന്തിക മോഹൻ തുടങ്ങിയവർ പങ്കെടുക്കും.
ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു നടക്കുന്ന മേളയ്ക്ക് 27 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതിൽ 22 ലക്ഷം സർക്കാർ ഫണ്ട് തരും. ബാക്കി തുക അദ്ധ്യാപകരിൽ നിന്നും മറ്റും പിരിച്ചെടുക്കുന്നതാണെന്ന് കലോത്സവ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാകും ജഡ്ജസെന്നും വൈകിട്ട് ഏഴിന് മുൻപ് അതത് ദിവസത്തെ മത്സരങ്ങൾ അവസാനിപ്പിക്കും വിധമാണ് ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളതെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടർ സി.സി.കൃഷ്ണകുമാർ, ആർ.ഡി.ഡി കെ.ആർ.ഗിരിജ, പബ്ളിസിറ്റി കൺവീനർ എ.അരുൺകുമാർ, റിസപ്ഷൻ കൺവീനർ ഡോ.വിനു കെ.പി, അജയകുമാർ,സിജോ സത്യൻ തുടങ്ങിയവർ പങ്കെടുത്തു.