
ആര്യനാട്:ഡെങ്കി പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയായി ആര്യനാട് പഞ്ചായത്തിലെ പാലൈക്കോണം വാർഡ്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും പാലൈക്കോണം വാർഡിനെ സമ്പൂർണ ശുചിത്വ വാർഡായി പ്രഖ്യാപിക്കാനുള്ള നടപടികളാണ് വാർഡ്മെമ്പർ ഇ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തുന്നത്. ഈ മാസം 17ന് തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾ 23ന് അവസാനിക്കും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയിൽ റോഡുവക്കിലെ ഓടകളുടെ ശുചീകരണം, പൊതുസ്ഥലങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കൽ, ക്ലോറിനേഷൻ എന്നിവയാണ് പ്രധാനമായും നടത്തുന്നത്. വാർഡിലെ ആനന്ദേശ്വരം,വില്ലേജ് ഓഫീസ്,പാലൈക്കോണം എന്നിവിടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വാർഡ്മെമ്പറോടൊപ്പം ആശാപ്രവർത്തകർ, ആരോഗ്യ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരും പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ്.