തിരുവനന്തപുരം: അഗ്രഹാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള ബ്രാഹ്മണ സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9ന് അട്ടക്കുളങ്ങര ജംഗ്ഷൻ മുതൽ ശ്രീവരാഹം പുത്തൻ തെരുവ് വരെ പ്രതീകാത്മകമായി പൈതൃക മതിൽ തീർക്കുന്നു. പൈതൃക അംഗീകാരങ്ങൾ സംരക്ഷിക്കും എന്ന് ദർഭയേന്തി പ്രതിജ്ഞയെടുക്കും.
കേരള ബ്രാഹ്മണസഭ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് പൈതൃക മതിൽ തീർക്കുക. ഇന്ന് രാവിലെ 10.15ന് കിഴക്കേകോട്ട രാജധാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന സംസ്ഥാന സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. സംസ്ഥാന അദ്ധ്യക്ഷൻ കരിമ്പുഴ രാമൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി എൻ.വി ശിവരാമകൃഷ്ണൻ, സംസ്ഥാന ട്രഷറർ കെ.വി വാസുദേവൻ, വൈസ് പ്രസിഡന്റുമാരായ കെ. കോൗദണ്ഡരാമയ്യർ, പി. അനന്തസുബ്രഹ്മണ്യൻ, എൻ.എസ് സുന്ദരരാമൻ തുടങ്ങിയവർ പങ്കെടുക്കും. 11.30ന് പ്രതിനിധി സമ്മേളനവും ഉച്ചയ്ക്ക് 1.30ന് വനിതാ സമ്മേളനവും നടക്കും. ഉച്ചയ‌്ക്ക് 3.30നാണ് സമാപനം.