നെടുമങ്ങാട്: മലയോര മേഖലയായ നെടുമങ്ങാട്ടെ കൊവിഡ് കാലയളവിൽ വെട്ടിക്കുറച്ച സർവീസുകൾ പുനഃസ്ഥാപിക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നെടുമങ്ങാട് സ്റ്റാൻഡിൽ നിന്ന് മുൻപുണ്ടായിരുന്ന ബൈ റൂട്ടുകളിലേക്കുള്ള സർവീസുകൾ പുനഃസ്ഥാപിക്കണമെന്നും രാത്രി ഏഴോടെ നെടുമങ്ങാടിന്റെ പരിസരപ്രദേശങ്ങളിലേക്കുള്ള സർവീസുകൾ 9 മണി വരെയെങ്കിലുമാക്കി ഉയർത്തുന്നതിനുമുള്ള അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് മുൻപ് 18 ഓളം സ്റ്റേ സർവീസാണ് ഉണ്ടായിരുന്നത്. എന്നാലിപ്പോൾ ഒരു സർവീസ് പോലും ഇവിടെ നടത്തുന്നില്ല. വേങ്കവിള, ഇരിഞ്ചയം, ഉളിയൂർ, ഉണ്ടപ്പാറ, തേക്കട, പൂവത്തൂർ തുടങ്ങിയ ഭാഗങ്ങളിലെ യാത്രക്കാരുടെ ബുദ്ധിമുട്ട് പറഞ്ഞറിയിക്കുന്നതിനുമപ്പുറമാണ്. മലയോര മേഖലയായ വിതുര, പാലോട്, പനവൂർ, പുല്ലമ്പാറ, വെഞ്ഞാറമൂട് എന്നീ ഭാഗങ്ങളിലേക്ക് നെടുമങ്ങാട് സ്റ്റാൻഡിൽ നിന്നും നിലവിൽ നടത്തുന്നില്ല. കിലോമീറ്ററുകളോളം യാത്ര ചെയ്ത് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളും ജോലിക്ക് പോയി തിരിച്ചു വരുന്നവർക്കും നെടുമങ്ങാട് നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്ത് ബസുകൾ സർവീസ് നടത്താത്തതും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. രാത്രി 10.30 ന് നെടുമങ്ങാട് ഡിപ്പോയിൽ നിന്നും സർവീസ് നടത്തിയിരുന്ന ആനപ്പാറ, വിതുര സർവീസുകൾ പുനഃസ്ഥാപിക്കാത്തതുമൂലം വളരെയധികം ബുദ്ധിമുട്ടുകളാണ് ഈ പ്രദേശത്തുള്ളവർ അനുഭവിക്കുന്നത്. നെടുമങ്ങാട് ഡിപ്പോയ്ക്ക് സമീപപ്രദേശങ്ങളിലെ മറ്റ് ഡിപ്പോകൾ നിറുത്തലാക്കുകയും മൂന്നോളം ഡിപ്പോകൾ വെറും ഓപ്പറേഷൻ സ്റ്റേഷനുകളാക്കി മാറ്റിയ കാലത്തെ അധികാരികൾ നൽകിയ വാക്ക് പാലിക്കാൻ പോലും കെ.എസ്.ആർ.ടി.സി തയ്യാറായിട്ടില്ല. നിറുത്തലാക്കുന്ന സ്റ്റേഷനുകൾക്ക് പകരം ഈ പ്രദേശങ്ങളിലേക്ക് ജനോപകാരപ്രദമായ കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്നും ഒരു സർവീസ് പോലും നിറുത്തലാക്കില്ലെന്നുമുള്ള അധികാരികളുടെ വാക്ക് വെറും ജലധാരയായി മാറി. ദിവസവും രാത്രി 10 വരെയെങ്കിലും പ്രധാനപ്പെട്ട റൂട്ടുകളിലേക്ക് സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി അധികാരികൾ തയ്യാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

 അയ്യപ്പഭക്തരും ബുദ്ധിമുട്ടുന്നു

മണ്ഡലകാലത്ത് മലയോര മേഖലയിലെ അയ്യപ്പഭക്തരെ ദുരിതത്തിലാക്കി കെ.എസ്.ആർ.ടി.സി വർഷങ്ങളായി നടത്തിയിരുന്ന സർവീസാണ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം മുടങ്ങിയത്. എല്ലാ മണ്ഡലകാലത്തും പ്രതിഷേധങ്ങൾ ഉണ്ടായാൽ മാത്രമാണ് ബസ് സർവീസുകൾ ആരംഭിക്കുന്നത്. മലയോര മേഖലയിലെ ആസ്ഥാനമായ നെടുമങ്ങാട്ട് നിന്ന് നിരവധി ഭക്തരാണ് ശബരിമലയിലേക്ക് തീർത്ഥാടന യാത്ര ചെയ്യുന്നത്. ഈ സർവീസ് റെക്കാഡ് കളക്ഷനുകൾ നേടിയ ചരിത്രമുണ്ട്. നോർത്ത് സോണിന്റെ ആസ്ഥാനമായിട്ടും നെടുമങ്ങാട് നിന്നും പമ്പയിലേക്ക് സർവീസുകൾ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയാറായിട്ടില്ല. മലയോര മേഖലയിലെ ഒരു ഡിപ്പോയിൽ നിന്നും സർവീസുകൾ പമ്പയിലേക്ക് ഇതുവരെയും ആരംഭിച്ചിട്ടില്ല .

 സ്കൂൾ അധികൃതരും രംഗത്ത്

പൂവത്തൂർ വഴി രാവിലെയും വൈകിട്ടും സ്കൂൾ സമയങ്ങളിൽ നിലവിലുളള സർവീസുകൾക്ക് പുറമേ സർവീസുകളുടെ എണ്ണം കൂട്ടിയാൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഉപകാരപ്പെടുമെന്ന് പൂവത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ അറിയിച്ചു. നിലവിലുളള ബസിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ സമയം കഴിഞ്ഞ ശേഷമാണ് ക്ലാസിൽ എത്താൻ സാധിക്കുന്നത്. ഇത് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നു.