തിരുവനന്തപുരം: കഴക്കൂട്ടം എലവേറ്റഡ് ഹൈവേയുടെ ഉദ്ഘാടനം ഡിസംബർ 2ന് നടന്നേക്കും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാകും പാത ഗതാഗതത്തിന് തുറന്നുനൽകുക.
നേരത്തെ നവംബർ ഒന്നിന് തുറക്കാനാണ് തീരുമാനിച്ചിരുന്നെങ്കിലും പിന്നീടത് 15ലേക്കും 29ലേക്കും മാറ്റിയിരുന്നു. അതാണ് ഇപ്പോൾ ഡിസംബർ 2ലേക്ക് മാറ്റിയത്. കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, വി.കെ.സിംഗ്, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവരടക്കം ചടങ്ങിൽ പങ്കെടുക്കും.
ഇതിനൊപ്പം 45,515 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനവും കല്ലിടലും നടക്കും. എലവേറ്റഡ് ഹൈവേ കൂടാതെ കുതിരാൻ - തുരങ്കപാത ഉൾപ്പെടുന്ന വടക്കാഞ്ചേരി - മണ്ണൂത്തി ആറുവരിപ്പാതയും മന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ദേശീയപാത അതോറിറ്റിയുടെ 13 പദ്ധതികളുടെ തറക്കല്ലിടലും ഇതോടൊപ്പം നടക്കും.