അന്യഭാഷയിൽ നിന്ന് അവതാർ 2, ലാത്തി

മമ്മൂട്ടി, പൃഥിരാജ്, നിവിൻ പോളി, ആസിഫ് അലി ചിത്രങ്ങൾ ക്രിസ് മസ് റിലീസിന് .മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന നൻപകൽ നേരത്ത് മയക്കം ഡിസംബർ 16ന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് പൂർണമായി തമിഴ്നാടിന്റെ പശ്ചാത്തലമാണ് .തെന്നിന്ത്യൻ താരം രമ്യ പാണ്ഡ്യൻ നായികയാവുന്ന ചിത്രത്തിൽ അശോകനാണ് മറ്റൊരു താരം. ലിജോയുടെ കഥയ്ക്ക് എസ്. ഹരീഷ് തിരക്കഥ ഒരുക്കുന്നു. തേനി ഇൗശ്വറാണ് ഛായാഗ്രഹണം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ചിത്രത്തിന് ലിജോയുടെ ആമേൻ മൂവി മൊണാസ് ട്രിക് നിർമ്മാണ പങ്കാളിത്തം വഹിക്കുന്നു. നീല മനുഷ്യരുടെ ഗ്രഹമായ പാൻഡോറയിലേക്ക് ത്രിമാന കാഴ്ചകളുമായി പ്രേക്ഷകനെ കൈപിടിച്ച് അത്ഭുതപ്പെടുത്തിയ ജയിംസ് കാമറൂൺ ഇത്തവണ ഡിസംബർ 16ന് വീണ്ടും വിസ്മയിപ്പിക്കും. അവതാർ: ദ് വേ ഒഫ് വാട്ടർ എന്ന പേരിട്ട അവതാർ 2 ലോകമെമ്പാടും ഒരേ ദിവസമാണ് റിലീസ് .2009 ൽ റിലീസ് ചെയ്ത് ബോക്സ് ഒാഫീസ് ഹിറ്റ് അവതാറിന്റെ തുടർച്ചയാണ് അവതാർ 2. നിവിൻ പോളിയെ പ്രധാന കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം പലതവണ റിലീസ് മാറ്റിയിരുന്നെങ്കിലും ക്രിസ്മസിന് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തും. മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രമായാണ് നിവിൻ പോളി എത്തുന്നത്. ജോജു ജോർജ് , ഇന്ദ്രജിത്, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത് , അർജുൻ അശോകൻ , ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്ണ എന്നിവരാണ് മറ്റു താരങ്ങൾ. പൃഥ്വിരാജ്, ആസിഫ് അലി ഷാജി കൈലാസ് ചിത്രം കാപ്പ 22ന് റിലീസ് ചെയ്യും. അപർണ ബാലമുരളി ആണ് നായിക. അന്നബെൻ, ദിലീഷ് പോത്തൻ, ജഗദീഷ് നന്ദു എന്നിവരാണ് മറ്റു താരങ്ങൾ. ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് , ദിലീഷ് നായർ എന്നിവരുടെ തിയേറ്റർ ഒഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് ജി.ആർ. ഇന്ദുഗോപൻ രചന നിർവഹിക്കുന്നു. ഇന്ദു ഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ ആസ്പദമാക്കിയാണ് തിരക്കഥ .വിശാൽ നായകനാവുന്ന ലാത്തി 22ന് റിലീസ് ചെയ്യും. ആക്ഷൻ എന്റർടെയ്നറായ ലാത്തി എ. വിനോദ് കുമാർ ആണ് സംവിധാനം ചെയ്യുന്നത്. സുനൈന ആണ് നായിക.രമണയും മലയാള താരം പി.എൽ സണ്ണിയും പ്രതിനായകവേഷത്തിൽ എത്തുന്നു.