
തിരുവനന്തപുരം: പിങ്ക് ഷാഡോ, പിങ്ക് പട്രോൾ, പിങ്ക് റോമിയോ, പിങ്ക് ഡിജി.ഡ്രൈവ്... സ്ത്രീ സുരക്ഷയ്‌ക്ക് കേരള പൊലീസിന്റെ സന്നാഹങ്ങളാണിവ. മെട്രോ നഗരമായ കൊച്ചിയിൽ 24 മണിക്കൂറും പൊലീസ് കാവലും ആധുനിക കാമറകളും കൺട്രോൾ റൂമുകളും. പക്ഷേ, ഓടുന്ന വണ്ടിയിൽ മുക്കാൽ മണിക്കൂർ പെൺകുട്ടി കൂട്ട മാനഭംഗത്തിനിരയായത് പൊലീസ് അറിഞ്ഞില്ല. കൊട്ടിഘോഷിക്കുന്ന നമ്മുടെ പൊലീസ് നിർജ്ജീവമാണെന്നതിന്റെ അവസാന ഉദാഹരണം.
പെൺകുട്ടി സ്വകാര്യാശുപത്രിയിൽ എത്തിയപ്പോൾ മാത്രമാണ് പൊലീസ് അറിഞ്ഞത്. കൊച്ചിയിൽ ഓടുന്ന വാഹനത്തിലെ പീഡനം ആദ്യമല്ല. പ്രമുഖ ചലച്ചിത്രനടി വരെ ഇരയായി. പേടിച്ചും നാണക്കേടോർത്തും പുറത്തു പറയാത്ത സംഭവങ്ങളുണ്ട്. മുൻ മിസ്കേരള അൻസി കബീറടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ ഡി.ജെപാർട്ടിയും റോഡിലെ ചേസിംഗും അഴിയാത്ത ദുരൂഹത.
പിങ്ക്പട്രോളും 1515 ടോൾഫ്രീയിലെ അടിയന്തര സഹായവും കാര്യക്ഷമമല്ല. പെട്ടെന്ന് പൊലീസ് സഹായം കിട്ടാൻ മൊബൈൽ ആപ്ളിക്കേഷനുകൾ പൊലീസിനുണ്ട്. ഇവയെപ്പറ്റി ജനങ്ങൾക്ക് അവബോധം നൽകാത്തതിനാൽ പ്രയോജനപ്പെടുന്നില്ല.
പിങ്ക് പൊലീസിന്റെ 10 കാറുകളും ബുള്ളറ്റ് ഉൾപ്പെടെ 40 ഇരുചക്ര വാഹനങ്ങളും 20 സൈക്കിളുകളും ഷെഡ്ഡിലാണ്. സെമിനാറുകളിലും വർഷത്തിലൊരിക്കൽ രാത്രിനടത്തത്തിലും ചുരുങ്ങും പൊലീസിന്റെ സ്ത്രീസുരക്ഷ.
തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിൽ കടന്നു പിടിച്ചവനെ പിടിച്ചത് ദിവസങ്ങൾ കഴിഞ്ഞ്. സ്ത്രീസുരക്ഷാ പദ്ധതികളുടെ ഏകോപനം നിർവഹിച്ച യുവ ഐ.പി.എസുകാരി പോലും തിരുവനന്തപുരം നഗരത്തിൽ പ്രഭാത സവാരിക്കിടെ ബൈക്കിലെത്തിയവരുടെ ആക്രമണത്തിനിരയായി.
ഫലം കാണാത്ത
ആപ്പുകൾ
1. രക്ഷാ ആപ്പ്
ഫോണിലെ പാനിക് ബട്ടൺ അമർത്തിയാൽ കൺട്രോൾ റൂമിൽ അപായ സന്ദേശം
2. അറ്റ് യുവർ കാൾ
പൊലീസ് സഹായത്തിനും സ്റ്റേഷനുകളിലേക്കുള്ള വഴി കണ്ടെത്താനും
3. കെയർ ലൈഫ്
രണ്ടു തവണ 'ഹെൽപ്" എന്നു പറഞ്ഞാൽ പൊലീസിന് അപായ സൂചന
3. നിർഭയം
സ്ത്രീസുരക്ഷ വിരൽത്തുമ്പിലാക്കാൻ രണ്ടു വർഷം മുമ്പ് നടപ്പാക്കിയ ആപ്പ്
ടോൾ ഫ്രീ നമ്പർ വേണം
ആപ്പുകളൊന്നും പ്രയോജനപ്പെടാത്തതിനാൽ സ്ത്രീകൾക്ക് പരാതിപ്പെടാൻ പ്രത്യേക ടോൾ ഫ്രീ നമ്പർ വേണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. പരാതി കിട്ടി ഒരു മണിക്കൂറിനകം നടപടി സ്വീകരിക്കണം.
കൊച്ചിയിലെ കൊടുംക്രൂരതയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ആഭ്യന്തരവകുപ്പിന് കൈകഴുകാനാകില്ല
വി.ഡി. സതീശൻ,
പ്രതിപക്ഷനേതാവ്
സ്ത്രീസുരക്ഷ ചോദ്യം ചെയ്യപ്പെടുകയാണ്. ഡി.ജെ പാർട്ടികൾ അഴിഞ്ഞാട്ട വേദിയാകുന്നു
പി. സതീദേവി,
വനിതാ കമ്മfഷൻ അദ്ധ്യക്ഷ
സ്ത്രീ സുരക്ഷയ്ക്ക്
വർഷം 100 കോടി
39 കോടി: നടപ്പു വർഷ ബഡ്ജറ്റ് വിഹിതം
20 കോടി: പിങ്ക് പൊലീസിനും ആപ്പിനും
20 കോടി: ഷെൽട്ടർ ഹോമുകൾക്ക്
15-20 കോടി: പദ്ധതികൾക്ക് കേന്ദ്രവിഹിതം
പീഡനക്കേസുകൾ
2018-2005
2019-2023
2020-1880
2021-2339
2022-1795
(സെപ്തം. വരെ)