
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീസുരക്ഷ വലിയരീതിയിൽ ചോദ്യം ചെയ്യപ്പെടുകയാണെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി പറഞ്ഞു. കൊച്ചിയിൽ 19കാരിയായ മോഡൽ കാറിൽ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അവർ. ഡി.ജെ പാർട്ടികൾ അഴിഞ്ഞാട്ടത്തിന്റെ വേദികളാവുന്നു. പാർട്ടികളിൽ ആണും പെണ്ണും ഒന്നിച്ചുചേർന്ന് മദ്യപിക്കുകയും തെറ്റായ തലങ്ങളിലേക്ക് പോവുകയും ചെയ്യുന്നു. പൊലീസ് ഇടപെടൽ വേണം. സ്ത്രീകൾ ജോലി ചെയ്യുന്ന മേഖലയിൽ സുരക്ഷിതത്വം ഉറപ്പുവരുത്താൻ പൊലീസിനാവണം. തിരക്കേറിയ നഗരങ്ങളിൽ സ്ത്രീകൾക്ക് രാത്രി സമയങ്ങളിൽ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
ഇതാണോ സർക്കാർ കൊട്ടിഘോഷിച്ച
സ്ത്രീസുരക്ഷയെന്ന് വി.ഡി.സതീശൻ
കൊച്ചി: നഗരത്തിൽ 19കാരി കൂട്ടബലാത്സംഗത്തിന് ഇരയായതടക്കമുള്ള സംഭവങ്ങൾ പൊലീസിന്റെയും സർക്കാരിന്റെയും കെടുകാര്യസ്ഥതയ്ക്കു തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാത്രിയും പകലും സജീവമായ കൊച്ചിയിലെ പൊതുനിരത്തിൽ നടന്ന പീഡനം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. മാരക ലഹരി വസ്തുക്കളുടെയും കുറ്റകൃത്യങ്ങളുടെയും കേന്ദ്രമായി കൊച്ചി മാറി. സി.പി.എം നേതാക്കളുടെ ഏറാൻമൂളികളായി പൊലീസ് സേന മാറിയതിന്റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി റോഡിലിറങ്ങാനാവാത്ത സാഹചര്യമാണെന്നും ഇതാണോ സർക്കാർ കൊട്ടിഘോഷിച്ച സ്ത്രീ സുരക്ഷയെന്നും സതീശൻ ചോദിച്ചു.