
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കകരണത്തിന്റെ ഭാഗമായുള്ള പൊതു ചർച്ചകൾ സജീവമായി നടക്കുമ്പോൾ ചർച്ചാവിഷയങ്ങളിൽ കടുത്ത എതിർപ്പുമായി അദ്ധ്യാപകരുൾപ്പെടെ ഒരു വിഭാഗം രംഗത്തെത്തി. ഇടത് അജൻഡകൾ തിരുകിക്കയറ്റാനുള്ള ശ്രമമാണ് പാഠ്യപദ്ധതി പരിഷ്കരണ ചർച്ചകളിലൂടെ നടക്കുന്നതെന്നാണ് പ്രധാന ആരോപണം.
ഖാദർകമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാംഭാഗം പൊതുസമൂഹത്തിൽനിന്ന് മറച്ചുവയ്ക്കുന്നുവെന്ന ആരോപണവും ശക്തമാണ്. ഒരു മാസത്തിനുള്ളിൽ ഖാദർ കമ്മിറ്റിയുടെ രണ്ടാം ഭാഗം പ്രസിദ്ധീകരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന മറുപടി. കുട്ടികളിൽ യുക്തിചിന്ത വളർത്തണമെന്ന പരാമർശം യുക്തിവാദത്തിലേക്ക് നയിക്കാനാണെന്നും വിമർശനമുണ്ട്.
ആൺകുട്ടികളെയും പെൺകുട്ടികളെയും ഭിന്നലിംഗക്കാരെയും ഒരുപോലെ സ്വീകരിക്കാൻ മനസ് കാണിക്കുന്നതുമായി ബന്ധപ്പെട്ട് എട്ട് ചോദ്യങ്ങളാണ് സമൂഹ ചർച്ചയ്ക്കായുള്ള കരട് റിപ്പോർട്ടിലുള്ളത്. ഇത്തരം സെൻസിറ്റീവായ വിഷയങ്ങൾ ചർച്ചയ്ക്കുവച്ചതുതന്നെ പൊതുജനങ്ങളുടെ അഭിപ്രായം അറിയാനാണെന്നും അതനുസരിച്ചു മാത്രമേ തീരുമാനമുണ്ടാകൂവെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ലിംഗസമത്വ വിദ്യാഭ്യാസമുൾപ്പെടെയുള്ള വിഷയങ്ങൾ ഇടതു സർക്കാരിന്റെ ഹിഡൻ അജൻഡയാണെന്നാണ് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പറയുന്നത്. സ്കൂൾ സമയമാറ്റമുൾപ്പെടെയുള്ള കാര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സർക്കാരിന് സമസ്ത കത്ത് നൽകിയിരുന്നു. ലിംഗ സമത്വ ഇരിപ്പിടം, ജെൻഡർ ന്യൂട്രൽ യൂണിഫോം, കൂടുതൽ മിക്സഡ് സ്കൂളുകൾ തുടങ്ങി പല ആശയങ്ങൾക്കും എതിർപ്പുകൾ ഉയർന്നിരുന്നു. മിക്സഡ് സ്കൂളുകൾക്ക് സ്കൂൾ പി.ടി.എയും തദ്ദേശ സ്ഥാപനവും അനുമതി നൽകിയാൽ മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരണക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. 'പാഠപുസ്തകങ്ങൾ, പഠനബോധനരീതികൾ, കാമ്പസ്, കളിസ്ഥലം എന്നിവ ജെൻഡർ ഓഡിറ്റിംഗിന് വിധേയമാക്കണം" എന്ന ഭാഗവും ജെൻഡർ എന്നത് സാമൂഹികനിർമ്മിതിയാണ് എന്ന പരാമർശവും മതവിരുദ്ധമാണെന്ന് ആരോപിക്കുമ്പോഴും ലിംഗസമത്വം വീട്ടിൽ നിന്നു തന്നെ പഠിക്കേണ്ടതല്ലേ എന്ന ചോദ്യമാണ് പാഠ്യപദ്ധതി പരിഷ്കരണ ചർച്ചയ്ക്കുള്ള കരട് റിപ്പോർട്ടിൽ ചോദിച്ചിരിക്കുന്നത്.
രക്ഷാകർത്താക്കൾക്കും പൊതുജനങ്ങൾക്കും തങ്ങളുടെ വിയോജിപ്പ് നേരിട്ടും ഓൺലൈനായും രേഖപ്പെടുത്താനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. പലകാര്യങ്ങളും മറച്ചുവച്ചാണ് ചർച്ചകൾ നടക്കുന്നതെന്ന വിമർശനം ഒരു വിഭാഗം അദ്ധ്യാപകർ ഉന്നയിക്കുന്നുണ്ട്. പൊതുസമൂഹത്തിന് സമ്മതമല്ലാത്തതൊന്നും പരിഷ്കരിച്ച പാഠ്യപദ്ധതിയിലുണ്ടാവില്ലെന്നാണ് അധികൃതർ നൽകുന്ന ഉറപ്പ്.