തിരുവനന്തപുരം: കൈയൂക്കുള്ളവർക്കേ ആനുകൂല്യങ്ങൾ നൽകൂവെന്ന നിലപാട് മാറ്റി പാവപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയ്യാറാകണമെന്ന് സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. ഉച്ചഭക്ഷണവും പാചകത്തൊഴി​ലും സംരക്ഷി​ക്കണമെന്നാവശ്യപ്പെട്ട് സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ കലമുടയ്ക്കൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂൾ പാചകത്തൊഴിലാളികൾക്ക് യഥാസമയം വേതനവും ആനുകൂല്യങ്ങളും നൽകാതിരിക്കുന്നത് നിരുത്തരവാദപരമാണ്.

42 വർഷമായി പാചകത്തൊഴിൽ ചെയ്യുന്ന പാലോട് ഉപജില്ലയിലെ സുഭാഷിണി എന്ന തൊഴിലാളി കലമുടയ്ക്കലിന് നേതൃത്വം നൽകി. സംസ്ഥാന കമ്മിറ്റി അംഗം ആലീസ് തങ്കച്ചൻ അദ്ധ്യക്ഷയായി. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി.ശങ്കരദാസ്, ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി.മോഹൻ, പ്രസിഡന്റ് കെ.കെ.ജയറാം, പട്ടം ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.