
തിരുവനന്തപുരം: സ്വകാര്യ കമ്പനികൾ 20 രൂപയ്‌ക്ക് വിൽക്കുമ്പോൾ, ഒരു ലിറ്റർ വെള്ളം 15 രൂപയ്‌ക്ക് നൽകിയിട്ടും ക്ളച്ച് പിടിക്കാതെ സർക്കാർ മേഖലയിലെ കുപ്പിവെള്ളം ഹില്ലി അക്വ. എം.ആർ.പിയിൽ 5 രൂപ കുറവായതിനാൽ ഹില്ലി അക്വ വില്പനയ്ക്കെടുക്കാൻ റീട്ടെയിലർമാർക്ക് മടിയാണ്. തിരുവനന്തപുരത്ത് അരുവിക്കരയിലും ഇടുക്കിയിലെ തൊടുപുഴയിലും ഉത്പാദിപ്പിക്കുന്ന ഹില്ലി അക്വയുടെ വില്പന ഫാക്ടറിയുടെ ഔട്ട്‌ലെറ്റുകൾ വഴിമാത്രമാണ്. മറ്റൊരിടത്തും സ്വന്തമായി ഔട്ട്‌ലെറ്റുകളില്ല. സ്വകാര്യ കമ്പനികൾ ആനുകൂല്യങ്ങളുമായി വില്പനക്കാരെ ആകർഷിക്കുമ്പോൾ ഹില്ലി അക്വയുടെ നിർമ്മാതാക്കളായ ജലവിഭവ വകുപ്പിന് കീഴിലെ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷന് (കിഡ്‌ക്) ഒന്നുംചെയ്യാനാകുന്നില്ല. നേരത്തെ കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി സർക്കാർ നിശ്ചയിച്ചിരുന്നു. ഇത് ഹൈക്കോടതി സ്റ്റേ ചെയ്തപ്പോൾ സ്വകാര്യ കമ്പനികൾ വില 20 രൂപയാക്കി. സർക്കാർ ഹില്ലി അക്വയുടെ വില 15 രൂപയുമാക്കി.
ഉത്പാദനവും വിപണനവും വർദ്ധിപ്പിക്കാനും ജനങ്ങളെ ബോധവത്കരിക്കാനുമുള്ള ശ്രമങ്ങൾ കിഡ‌്ക് തുടങ്ങിയിട്ടുണ്ട്. ഏഴുവർഷം മുമ്പാണ് തൊടുപുഴയിലെ പ്ളാന്റ് തുടങ്ങിയത്. അരുവിക്കരയിലേത് ഒരു വർഷം മുമ്പും. രാവിലെ 6 മുതൽ വൈകിട്ട് 8 വരെയാണ് ഉത്പാദനം. ശബരിമല സീസണായതോടെ രാത്രി ഷിഫ്‌റ്റിൽ കൂടുതൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനും ആലോചനയുണ്ട്. സർക്കാർ യോഗങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഹില്ലി അക്വ ഉപയോഗിക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും നടപ്പാകുന്നില്ല. അരുവിക്കരയിലെ കുപ്പിവെള്ളം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും തൊടുപുഴയിലേത് എറണാകുളം, കോട്ടയം, തൃശൂർ ജില്ലകളിലും വിതരണത്തിനെത്തിക്കുന്നുണ്ട്. ജയിൽ വകുപ്പിന് കീഴിൽ ഫ്രീഡം ഫുഡ് പദ്ധതിയിലൂടെ 10 രൂപയ്ക്ക് വില്ക്കുന്നുണ്ട്.
കോഴിക്കോട് പുതിയ പ്ളാന്റ്
മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ വില്പന ലക്ഷ്യമിട്ട് കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴിയിൽ 17 കോടി ചെലവിൽ പ്ളാന്റ് സ്ഥാപിക്കാൻ അനുമതിയായിട്ടുണ്ട്. കുറ്റ്യാടി പദ്ധതി പ്രദേശത്ത് ജലസേചന വകുപ്പിന്റെ ഭൂമിയിലാണ് പ്ളാന്റ് സ്ഥാപിക്കുക. കുറ്റ്യാടി റിസർവോയറിലെ ജലമാണ് ഉപയോഗിക്കുക.
കണക്കുകൾ
24,000
അരുവിക്കരയിലെ പ്രതിദിന കുപ്പിവെള്ള ഉത്പാദനം
70 ലക്ഷം
പ്രതിവർഷ വരുമാനം
30,000
തൊടുപുഴയിലെ പ്രതിദിന ഉത്പാദനം
3 കോടി
പ്രതിവർഷ വരുമാനം
ഹില്ലി അക്വയുടെ നിരക്ക് (ലിറ്ററിന്, രൂപയിൽ)
500 എം.എൽ - 10 (20 കുപ്പികളടങ്ങിയ ഒരു കെയ്‌സിന് 130)
1 - 15 (ഫാക്ടറിയുടെ ഔട്ട്‌ലെറ്റുകളിൽ 10)
2 - 25 (ഔട്ട്‌ലെറ്റുകളിൽ 20)
20 (ജാർ) - 60