kerala

തിരുവനന്തപുരം: റവന്യുവകുപ്പിന്റെ ആസ്ഥാനമായി നിർമ്മിക്കാൻ ഉദ്ദേശിച്ച 'റവന്യു ഭവൻ ' വെള്ളയമ്പലത്താവാൻ സാദ്ധ്യത തെളിഞ്ഞു. അവിടെ എയർ ഇന്ത്യയിൽ നിന്ന് സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്ന 85 സെന്റ് സ്ഥലം വിട്ടുതരണമെന്ന് ജില്ല കളക്ടർ മുഖേന റവന്യുവകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 12 കോടിക്കാണ് സർക്കാർ ഈ സ്ഥലം ഏറ്റെടുക്കുന്നത്.

റവന്യു വകുപ്പിന്റെ പ്രധാന ഓഫീസുകളെല്ലാം ഒരു കൂരയ്ക്ക് കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം. തിരുവനന്തപുരം താലൂക്ക് ഓഫീസും ആർ.ഡി.ഒ ഓഫീസും വീർപ്പുമുട്ടുന്ന ചുറ്റുപാടിലാണ് പ്രവർത്തിക്കുന്നത്. കോട്ടയ്ക്കകത്തുള്ള ഇടുങ്ങിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസിൽ ഇരുനൂറോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഏതാനും ദിവസം മുമ്പ് ഇവിടെനിന്ന് ഒരു പാമ്പിനെ പിടികൂടിയിരുന്നു. അഗ്നിബാധപോലുള്ള അത്യാഹിതമുണ്ടായാൽ ഫയർഫോഴ്സിനുപോലും ഇവിടേക്ക് എത്താനാവില്ല. ആസ്ഥാനമന്ദിരം നിർമ്മിക്കുമ്പോൾ താലൂക്ക് ഓഫീസും അവിടേക്ക് മാറ്റിയേക്കും.

കവടിയാർ -പേരൂർക്കട റൂട്ടിൽ കവടിയാർ ജംഗ്ഷനു സമീപം റവന്യുവകുപ്പ് ഏറ്റെടുത്തതും പേരൂർക്കട വില്ലേജിൽപ്പെട്ടതുമായ കൊട്ടാരം വക 3.25 ഏക്കർ സ്ഥലമാണ് മന്ദിര നിർമ്മാണത്തിന് നിശ്ചയിച്ചിരുന്നത്. ജനുവരിയിൽ ഭൂമി അനുവദിച്ച് ഉത്തരവുമിറങ്ങി. പൈതൃക സംരക്ഷിത മേഖലയായതിനാൽ രണ്ടു നിലകളിൽ കേരളത്തിന്റെ പരമ്പരാഗത ശൈലിയിലുള്ള മന്ദിരം തീർക്കാനുള്ള രൂപരേഖയും തയ്യാറാക്കിയിരുന്നു. അവിടെ മന്ത്രിമന്ദിരങ്ങൾ നിർമ്മിക്കാൻ ആലോചന തുടങ്ങിയതോടെയാണ് റവന്യുടവർ എന്ന സ്വപ്നത്തിന് തടസമായത്. പല മന്ത്രിമന്ദിരങ്ങളും കാലപ്പഴക്കമുള്ളവയായതിനാൽ പുതിയവ നിർമ്മിക്കാൻ നേരത്തെ തീരുമാനമെടുത്തിരുന്നു. ജില്ല കളക്ടറേറ്റും ലാൻഡ് റവന്യുകമ്മിഷണറേറ്റും റവന്യു ഭവനിലേക്ക് മാറും. പുതിയ സ്ഥലത്ത് മന്ദിരനിർമ്മാണ ഘടനയിലും മാറ്രം വരും.