
തിരുവനന്തപുരം: സിൽവർ ലൈനിന്റെ പ്രാരംഭ നടപടിയായ സാമൂഹ്യാഘാത പഠനം നിലച്ചിട്ട് ആറുമാസം. പഠനസംഘങ്ങളുടെ കാലാവധി നീട്ടിനൽകാത്തതാണ് കാരണം. ബലപ്രയോഗത്തിലൂടെ കല്ലിടുന്നതിന് പകരം സർക്കാർ പ്രഖ്യാപിച്ച ജിയോടാഗിംഗ് ഡിജിറ്റൽ സർവേ തുടങ്ങാനും വിജ്ഞാപനമിറക്കിയിട്ടില്ല. റെയിൽവേ ഭൂമിയേറ്റെടുക്കാനുള്ള സംയുക്തസർവേയും നടന്നില്ല. കേന്ദ്രാനുമതിയിൽ സംശയം വീണതോടെയാണ് സ്വപ്ന പദ്ധതിയായിട്ടും സർക്കാർ പിറകോട്ടു പോയത്.
തലശ്ശേരി-മൈസൂർ റെയിൽപ്പാതയ്ക്ക് പദ്ധതിരേഖയുണ്ടാക്കൽ, 27ലെവൽക്രോസുകളിൽ മേൽപ്പാലങ്ങൾ നിർമ്മിക്കൽ, ശബരിപാതയുടെ എസ്റ്റിമേറ്റ് പുതുക്കൽ എന്നിങ്ങനെ മറ്റു ജോലികളിലാണ് കെ-റെയിൽ. അതേസമയം കേന്ദ്രാനുമതി കിട്ടിയാലുടൻ നടപ്പാക്കുമെന്നാണ് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദനും സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും ഇന്നലെ ആവർത്തിച്ചത്.
സാമൂഹ്യാഘാതപഠനം തുടർന്നാലും ഇനി കല്ലിടലുണ്ടാവില്ല, പകരം ജി.പി.എസ് അധിഷ്ഠിത ജിയോടാഗിംഗ് സർവേയായിരിക്കും. സിൽവർലൈനിന്റെ 529.45കിലോമീറ്റർ നിർദ്ദിഷ്ട പാതയിലെ അലൈൻമെന്റ് ജിയോടാഗിംഗ് നടത്തിയിട്ടുണ്ട്. 108 ഹെക്ടർ റെയിൽവേ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
ഉപേക്ഷിക്കില്ല: കെ-റെയിൽ
പദ്ധതി വേണ്ടെന്നുവച്ചിട്ടില്ലെന്നും സർക്കാരിൽ നിന്ന് അത്തരമൊരു നിർദ്ദേശവും കിട്ടിയിട്ടില്ലെന്നും കെ-റെയിൽ അറിയിച്ചു. കേന്ദ്രാനുമതിക്കായി കാത്തിരിക്കുകയാണ്. സർവേയ്ക്കും സാമൂഹ്യാഘാതപഠനത്തിനും ജില്ലാകളക്ടർമാർക്കാണ് ചുമതല. റവന്യൂ ഉദ്യോഗസ്ഥരില്ലെങ്കിലും ഏജൻസിയെ ഉപയോഗിച്ച് സർവേ നടത്താം.
സർവേയുടെ സ്ഥിതി
#955.13ഹെക്ടർ സ്വകാര്യഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 100 ദിവസത്തിനകം സാമൂഹ്യാഘാത പഠനം പൂർത്തിയാക്കണമെന്നായിരുന്നു കരാറെങ്കിലും പ്രതിഷേധം കാരണം നടന്നില്ല
#പദ്ധതിക്ക് കേന്ദ്രസർക്കാരും റെയിൽവേയും അനുമതി നൽകിയിട്ടില്ല. സർവേ നടത്താൻ സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ട്.
ഏറ്റെടുക്കേണ്ട ഭൂമി
(ഹെക്ടറിൽ)
തിരുവനന്തപുരം..................................78.42
കൊല്ലം.................................................83.06
ആലപ്പുഴ..............................................42.51
പത്തനംതിട്ട..........................................44.47
കോട്ടയം...............................................108.11
എറണാകുളം........................................120.72
തൃശൂർ.................................................111.47
മലപ്പുറം................................................109.94
കോഴിക്കോട്..........................................42.03
കണ്ണൂർ..................................................53.95
കാസർകോട്.........................................161.26
66,405 കോടി
ഭൂമിക്കും നഷ്ടപരിഹാരത്തിനും നിർമ്മാണത്തിനും ഉൾപ്പെടെ ചെലവ്
നിലവിലെ സംഘം
തുടർന്നേക്കും
സാമൂഹ്യാഘാതപഠനം നീളുകയാണെങ്കിൽ ഇതിനായി നിയോഗിച്ച ഡെപ്യൂട്ടികളക്ടർ, തഹസിൽദാർമാർ അടക്കം 205 ഉദ്യോഗസ്ഥരെ മറ്റ് പദ്ധതികളിലേക്ക് നിയോഗിക്കണമെന്ന് റവന്യൂവകുപ്പ് മുഖ്യമന്ത്രിക്ക് കത്തുനൽകിയിരുന്നു. ചീഫ്സെക്രട്ടറിക്ക് കത്ത് കൈമാറിയ മുഖ്യമന്ത്രി, അടുത്ത മന്ത്രിസഭായോഗ അജൻഡയിൽ സാമൂഹ്യാഘാതപഠനം ഉൾപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിലെ സംഘങ്ങളുടെ കാലാവധി നീട്ടാനാണ് സാദ്ധ്യത. പിന്നാലെ, സർവേ നടത്തിയിരുന്ന ഏജൻസികളെ തുടരാൻ അനുവദിച്ച് വിജ്ഞാപനമിറക്കും.
സിൽവർ ലൈനിന് കേന്ദ്രാനുമതി ലഭിക്കില്ല. രൂപരേഖ മാറ്റിയാൽ പുതിയ പദ്ധതിയായി പരിഗണിച്ചേക്കും. ദോഷങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തെഴുതിയപ്പോഴെല്ലാം യാഥാർത്ഥ്യമാവുമെന്ന മറുപടിയാണ് ലഭിച്ചത്
മെട്രോമാൻ ഇ.ശ്രീധരൻ