
തിരുവനന്തപുരം: ഇന്ത്യൻ അക്കാഡമി ഒഫ് ഫൈൻ ആർട്സിന്റെ ആഭിമുഖ്യത്തിൽ അമൃത്സറിൽ നടക്കുന്ന 87-ാമത് ദേശീയ കലാപ്രദർശനത്തിൽ വി.സതീശന്റെ 'ജേർണി-6' എന്ന വെങ്കലശില്പം ശില്പകലാ വിഭാഗത്തിലെ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടു. 11,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് വി.സതീശൻ.
2022-23 വർഷത്തെ കേരള ബഡ്ജറ്റിന്റെ മുഖചിത്രമായി തിരഞ്ഞെടുത്തത് 'ജേർണി-6' ശില്പത്തിന്റെ ചിത്രമാണ്. തിരുവനന്തപുരം മുക്കോല സ്വദേശിയാണ് സതീശൻ. 35 വർഷമായി കരിങ്കല്ല്,വെങ്കലം,കളിമണ്ണ്,ഫൈബർഗ്ലാസ് എന്നീ മാദ്ധ്യമങ്ങളിൽ ശില്പങ്ങൾ ചെയ്യുന്നു. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോയാണ് വി.സതീശൻ.