വർക്കല: ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 90-മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് മഹാനായ ആർ. ശങ്കറുടെ ജന്മസ്ഥലമായ പുത്തൂരിൽ നിന്ന് കഴിഞ്ഞ 30 വർഷക്കാലമായി മുടങ്ങാതെ നടത്തിവരുന്ന ശിവഗിരി തീർത്ഥാടന പദയാത്ര (31-ാമത് ) നടത്താൻ സംഘം കേന്ദ്രകമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. വർക്കലയിൽ നടന്ന നേതൃയോഗം സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ ഉദ്ഘാടനം ചെയ്‌തു. ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വർക്കല മോഹൻദാസ്, വനിതാ വിഭാഗം കൺവീനർ ശാന്തിനി കുമാരൻ, ഓടനാവട്ടം ഹരീന്ദ്രൻ, ക്ലാപ്പന സുരേഷ്, ഉമാ ദേവി, പാത്തല രാഘവൻ എന്നിവർ സംസാരിച്ചു.
പദയാത്ര നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. പുത്തൂരിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര മാറനാട്, ചീരങ്കാവ്, എഴുകോൺ, നെടുമൺകാവ്, മീയണ്ണൂർ, ചാത്തന്നൂർ, പരവൂർ, കാപ്പിൽ, ഇടവ വഴി വർക്കല ശിവഗിരിയിൽ മൂന്ന് ദിവസം കഴിഞ്ഞെത്തും നാലാം ദിവസം ശിവഗിരിയിൽ നടക്കുന്ന തീർത്ഥാടന ഘോഷയാത്രയിൽ പങ്കെടുത്ത് സമാപിക്കും. ഗുരുദേവ പ്രതിമ, രഥം, ആർ.ശങ്കറുടെ കട്ടൗട്ട്, ബാൻഡ് മേളം, മുത്തുക്കുട, ചെണ്ടമേളം, തുടങ്ങിയവ ഉണ്ടായിരിക്കും. 500 ഇൽ അധികം പീതാംബരകാരികൾ പദയാത്രയിൽ പങ്കെടുക്കും. പദയാത്ര കടന്നുപോകുന്ന 25 സ്ഥലങ്ങളിൽ തീർത്ഥാടന ലക്ഷ്യങ്ങളെക്കുറിച്ച് മഹാസമ്മേളനം നടത്തും. പദയാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഗുരു ഭക്തർ 9539802199 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ബി. സ്വാമിനാഥൻ അറിയിച്ചു.