തിരുവനന്തപുരം: ഖത്തറിൽ ലോക കപ്പ് ഫുട്ബാളിന് പന്തുരുളുമ്പോൾ ആവേശം ഇങ്ങ് പേട്ടയിലും അലയടിക്കും. കേരളകൗമുദി ഓഫീസിന് മുന്നിലെ കെ.പങ്കജാക്ഷൻ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഒരുക്കിയ ബിഗ് സ്ക്രീനിൽ മത്സരങ്ങൾ ലൈവായി കാണാം.

കേരള കൗമുദിയുടെ സഹകരണത്തോടെ സി.പി.എം വഞ്ചിയൂർ ഏരിയ കമ്മിറ്റിയാണ് പ്രോജക്ടർ സ്ക്രീൻ സജ്ജീകരിച്ചത്. ഇന്നുമുതൽ ഡിസംബർ 18 വരെ നടക്കുന്ന എല്ലാ മത്സരങ്ങളും കായികപ്രേമികൾക്ക് മഴയും വെയിലുമേൽക്കാതെ മികച്ച സ്പീക്കറുകളുടെ സഹായത്തോടെ ആസ്വദിക്കാനുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഇന്ന് വൈകിട്ട് 5ന് കടകംപള്ളി സുരേന്ദ്രൻ എ.എൽ.എ പ്രോജക്ടർ സ്ക്രീൻ ഉദ്ഘാടനം ചെയ്യും. മത്സര പ്രദർശനത്തിനായി ജിയോ സിനിമയും, കേബിൾ നെറ്റ്‌വർക്കും സജ്ജമാണ്. ഉദ്ഘാടനത്തിന്റെ ഭാഗമായി ഷൂട്ടൗട്ട് മത്സരങ്ങൾ സംഘടിപ്പിക്കും. ആദ്യമായിട്ടാണ് കെ.പങ്കജാക്ഷൻ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ലേകകപ്പ് മത്സരങ്ങൾ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത്. പേട്ട, പള്ളിമുക്ക് നാലുമുക്ക് എന്നിവിടങ്ങളിലെ ഫുട്ബാൾ ആരാധകർ ദിവസങ്ങൾക്ക് മുൻപുതന്നെ ഇഷ്ട ടീമുകളുടെയും ക്യാപ്ടൻമാരുടെയും ഫ്ളക്സുകളുമായി ഓഡിറ്റോറിയത്തിന്റെ പരിസരം കീഴടക്കിയിരുന്നു. മാച്ച് ദിവസങ്ങളിലെല്ലാം പ്രവചന മത്സരങ്ങൾ നടത്തും. ഉദ്ഘാടന ചടങ്ങിൽ കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി, തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമൻ, സി.പി.എം ഏരിയാ സെക്രട്ടറി ലെനിൻ, ജില്ലാ കമ്മിറ്റി അംഗം എസ്.പി.ദീപക് തുടങ്ങിയവർ പങ്കെടുക്കും.