
തിരുവനന്തപുരം: മൂന്നു വർഷത്തിനുള്ളിൽ വൈദ്യുതി ഉത്പാദനം 3000 മെഗാവാട്ടായി വർദ്ധിപ്പിക്കാനുള്ള അനർട്ടിന്റെ പദ്ധതി രേഖയ്ക്ക് പാരമ്പര്യേതര ഊർജ്ജ ഉത്പാദന അവലോകനയോഗം അംഗീകാരം നൽകി. ഇന്നലെ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻഅദ്ധ്യക്ഷത വഹിച്ചു.
ഓരോ മൂന്ന് മാസത്തിലും പ്രവർത്തനപുരോഗതി വിലയിരുത്താനും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനും സംവിധാനമൊരുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. വൈദ്യുതിമന്ത്രി കെ.കൃഷ്ണൻ കുട്ടി, അനെർട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വെല്ലൂരി തുടങ്ങിയവർ പങ്കെടുത്തു.സൗരോർജ്ജം,കാറ്റ്,ഹൈഡ്രജൻ,ഇമൊബിലിറ്റി എന്നിവയിൽ നിന്നായിരിക്കും വൈദ്യുതി ഉത്പാദിപ്പിക്കുക. വ്യക്തിഗത കാർഷിക പമ്പ് സെറ്റ് സോളാറാക്കുക,തിരുവനന്തപുരം സോളാർ സിറ്റിയാക്കുക,നഗരത്തിലെ വീടുകളിൽ പുരപ്പുറസോളാർ സ്ഥാപിക്കുക,സർക്കാർ കെട്ടിടങ്ങളിൽ കാർഷിക സോളാർ വൈദ്യുതിക്കായി റെസ്‌കോ മോഡിൽ ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയങ്ങൾ,സോളാർ സ്ഥാപിക്കുന്നതിന് പാവപ്പെട്ടവർക്ക് ധനസഹായം,ആദിവാസി ഊരുകളിലും നാലുവർഷത്തിനുള്ളിൽ മൈക്രോ ഗ്രിഡുകൾ/ഹൈബ്രിഡ് പവർ പ്ലാന്റുകൾ,പച്ചക്കറികളും പഴങ്ങളും സംഭരിക്കുന്നതിന് 8 എം.ടി കപ്പാസിറ്റിയുള്ള സോളാർ അധിഷ്ഠിത കോൾഡ് സ്റ്റോറേജ് സിസ്റ്റം പാലക്കാട് സ്ഥാപിക്കും,മത്സ്യബന്ധന ബോട്ടുകളിൽ സോളാർ വിൻഡ് ഹൈബ്രിഡ് പവർപ്ലാന്റുകൾ,ഐ.ഐ.റ്റി,എൻ.ഐ.റ്റി,സംസ്ഥാനകേന്ദ്ര സർവ്വകലാശാലകൾ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി ചേർന്ന് പാലക്കാട് കുഴൽമന്ദത്ത് മികവിന്റെ കേന്ദ്രം എന്നിവയാണ് പദ്ധതിയിലുള്ളത്.