പോത്തൻകോട്: രണ്ട് പഞ്ചായത്തുകൾ തമ്മിലുള്ള അതിര് തർക്കത്തിൽ കഷ്ടത്തിലായി യുവസംരംഭക. അണ്ടൂർക്കോണം കരിച്ചാറ കടകത്ത് ഷംനാ സജി എന്ന സംരംഭകയാണ് ഇനി എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്നത്. പ്രവാസിയായിരുന്ന ഇവർ കൊവിഡ് കാലത്ത് ആരംഭിച്ച മത്സ്യകൃഷി പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. പദ്ധതിക്കാവശ്യമായ വൈദ്യുതി പോസ്റ്റ് ഏതു പഞ്ചായത്തിന്റേതാണെ ന്ന തർക്കമാണ് സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തിയത്.
കൃഷി ചെയ്യുന്ന കായലും, കായൽ പുറമ്പോക്കും കഠിനംകുളം പഞ്ചായത്തിന്റെതാണെന്ന് അവർ സ്ഥാപിക്കുമ്പോൾ, വെള്ളം മാത്രമേ കഠിനംകുളം പഞ്ചായത്തിന്റേതായി ഉള്ളൂ വെന്നും, കര അണ്ടൂർക്കോണം പഞ്ചായത്തിന്റേതാണെന്നുമാണ് മറു വാദം. കായലിനോട് ചേർന്ന് കരയിൽ നിൽക്കുന്ന പോസ്റ്റിൽ നിന്ന് വൈദ്യുതി എടുക്കാൻ അണ്ടൂർക്കോണം പഞ്ചായത്ത് അനുമതി നൽകുന്നില്ല. മത്സ്യ കൂടിൽ നിന്നു പോസ്റ്റിലേക്കുള്ള ദൂരം പത്തു മീറ്റർ പോലുമില്ല. അണ്ടൂർകോണം പഞ്ചായത്ത് അനുമതി നൽകിയാൽ വൈദ്യുതി നൽകാൻ കെ.എസ്.ഇ.ബി. അധികൃതർ തയാറാണ്. വൈദ്യുതി ഇല്ലാതെ മത്സ്യ കൃഷി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ്. മോഷണം തടയാൻ സിസി. ടി. വിയും കായൽ ജലത്തിലെ ഓക്സിജന്റെ അളവ് നിലനിറുത്താൻ എയറേറ്ററും എലി ശല്യം ഒഴിവാക്കാൻ ഐ.ആർ ഡിവൈസും സ്ഥാപിക്കണം. ഇതിനെല്ലാം വൈദ്യുതി ഇല്ലാതെ പറ്റില്ല. നിരവധി വാതിലുകളിൽ മുട്ടിയിട്ടും മുട്ടാപ്പോക്ക് പറഞ്ഞ് ഒഫീസുകൾ കയറ്റിയിറക്കുകയാണ് അധികാരികളെന്ന് ഷംനാ സജി പറയുന്നു.