പാറശാല: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി വിജിലൻസിന്റെ പിടിയിലായി. കുളത്തൂർ ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി സന്തോഷ്‌കുമാറാണ് പിടിയിലായത്. ജലനിധി പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ പണിയുടെ ബില്ലിൽ ബാക്കിയുണ്ടായിരുന്ന തുക പാസാക്കുന്നതുമായി ബന്ധപ്പെട്ട് കരാറുകാരനായ പീറ്റർ സിറിയക്കിന്റെ പക്കൽ നിന്ന് 5000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് സെക്രട്ടറി വിജിലൻസിന്റെ പിടിയിലായത്.
സംഭവത്തെക്കുറിച്ച് വിജിലൻസ് പറയുന്നത് ഇങ്ങനെ: ഉദ്ദേശം 15 ലക്ഷത്തോളം രൂപയുടെ ബിൽ പലപ്പോഴായി കരാറുകാരനായ പിറ്ററിന് മാറി നൽകിയിരുന്നു. എന്നാൽ അവസാനം പാസാക്കിയ 1,89,774 രൂപയുടെയും, 39,961 രൂപയുടെയും ചെക്കുകളിൽ രേഖപ്പെടുത്തിയിരുന്ന തുക അക്കത്തിലും അക്ഷരത്തിലും വ്യത്യസ്തമായി രേഖപ്പടുത്തിയിരുന്നതിനാൽ ബാങ്കിൽ നിന്ന് മാറി കിട്ടിയില്ല.
ഇക്കാര്യം ശരിയാക്കി കിട്ടുന്നതിനായി മൂന്നാഴ്ച മുൻപ് കരാറുകാരൻ സെക്രട്ടറിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് ശരിയാക്കി കിട്ടുന്നതിനും നേരത്തെ മാറിക്കൊടുത്ത തുകയ്ക്കും ആനുപാതികമായി സെക്രട്ടറി കരാറുകാരനിൽ നിന്ന് 75,000 രൂപ ആവശ്യപ്പെട്ടു. പീറ്റർ ഇതിന് തയ്യാറായില്ല. എന്നാൽ അവസാനത്തെ തുകയ്ക്കെങ്കിലും ആനുപാതികമായി 5,000 രൂപ കിട്ടിയാലേ ചെക്ക് ശരിയാക്കി നൽകുകയുള്ളൂവെന്ന് സെക്രട്ടറി കരാറുകാരനെ അറിയിച്ചു.
തുടർന്നാണ് പീറ്റർ വിജിലൻസിൽ പരാതി നൽകിയത്. ഇന്നലെ ഉച്ചയ്ക്ക് സെക്രട്ടറിയുടെ മുറിയിൽ വച്ച് പീറ്ററിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് സംഘം സെക്രട്ടറിയെ പിടികൂടിയത്.
വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിലെ പൊലീസ് സൂപ്രണ്ട് റെജി ജേക്കബിന്റെ നിർദ്ദേശ പ്രകാരം എത്തിയ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ശ്യാം കുമാർ, ഇൻസ്‌പെക്ടർമാരായ സന്തോഷ് കുമാർ, അഭിലാഷ്, അനിൽകുമാർ.എസ്, സിയാ ഉൽ ഹക്ക്, സബ് ഇൻസ്‌പെക്ടർമാരായ ഗോപൻ, അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കിരൺ എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലത്തെത്തിയത്. പഞ്ചായത്ത് സെക്രട്ടറിയെ തിരുവനന്തപുരത്തെ വിജിലൻസ് കോടതിയിൽ ഹാജരാക്കും.