ഒരു മണിക്കൂർ മുദ്രാവാക്യങ്ങളും രാഷ്ട്രീയ പോർവിളികളും മാത്രം
തിരുവനന്തപുരം: കത്ത് വിവാദത്തിൽ നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ ഇരിപ്പുറയ്‌ക്കാതെ കൗൺസിലർമാർ. മേയർ അദ്ധ്യക്ഷത വഹിക്കുന്നതിനെതിരെ ഒരു മണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ ആദ്യാവസാനം പ്രതിപക്ഷ - ഭരണപക്ഷത്തെ അംഗങ്ങളും മുദ്രാവാക്യം മുഴക്കി.
ബാനറും കരിങ്കൊടികളും ഉയർത്തി ബി.ജെ.പി യു.ഡി.എഫ് കൗൺസിലർമാർ ഇറങ്ങിയതോടെ പ്രതിരോധിക്കാനായി ഭരണപക്ഷത്തെ കൗൺസിലർമാരും നടുത്തളത്തിലിറങ്ങി. നഗരസഭയിലെ നിയമനങ്ങൾക്കായി പാർട്ടിക്കാരുടെ പട്ടിക തേടി മേയറുടെ പേരിൽ പുറത്തുവന്ന കത്ത് സംബന്ധിച്ച് ചർച്ചചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം വിളിക്കണമെന്ന ബി.ജെ.പി കൗൺസിലറുടെ ആവശ്യപ്രകാരം ഇന്നലെ വൈകിട്ട് നാലിനായിരുന്ന യോഗം ചേർന്നത്. വൈകിട്ട് 3.58ന് മേയർ ഡയസിലേക്ക് എത്തുന്നതിനുള്ള ബെല്ല് മുഴങ്ങിയതോടെ പ്രതിപക്ഷ കൗൺസിലർമാർ മേയറുടെ ഡയസിന് മുന്നിലെത്തി. ബാനറുകളും കരിങ്കൊടികളും ഉയർത്തി മുദ്രാവാക്യം വിളി തുടങ്ങി.
അതിനിടെ മേയർക്ക് പിന്തുണയുമായി ഭരണപക്ഷവും ബാനറും പ്ലക്കാർഡുകളും ഉയർത്തി. മേയർ ഗോബാക്ക് വിളികളുമായി പ്രതിപക്ഷ കക്ഷികൾ നടുത്തളത്തിൽ തുടർന്നെങ്കിലും മേയർ യോഗ നടപടികളിലേക്ക് കടന്നു. ആദ്യം സംസാരിച്ച ഡി.ആർ.അനിലും മറ്റ് എൽ.ഡി.എഫ് കൗൺസിലർമാരും ബി.ജെ.പി, യു.ഡി.എഫ് കൗൺസിലർമാർക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു. കൗൺസിലർമാരായ ആശാനാഥ്, മഞ്ജു, ബി.ജെ.പി നേതാക്കളായ വെങ്ങാനൂർ സതീഷ്, ആനന്ദ് എന്നിവരുടെ ബന്ധുക്കളെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ നിയമിച്ചത് അന്വേഷിക്കണമെന്ന് വലിയശാല കൗൺസിലർ എസ്. കൃഷ്ണകുമാർ ആവശ്യപ്പെട്ടു.
യു.ഡി.എഫ് കൗൺസിലർ മേരി പുഷ്പത്തിന്റെ നേതൃത്വത്തിൽ രണ്ട് തവണ മേയറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് എൽ.ഡി.എഫ് വനിതാ കൗൺസിലർമാർ തടഞ്ഞതോടെ ഉന്തും തള്ളുമായി. അതിനിടെ മേരിപുഷ്‌പത്തിനെതിരായ അഴിമതി ആരോപണം മൈക്കിലൂടെ ഭരണപക്ഷത്തെ അംശു വാമദേവൻ ഉന്നയിച്ചു.
ഡെപ്യൂട്ടി മേയർ പി.കെ.രാജു, സലിം,പാളയം രാജൻ, സ്റ്റാൻലി ഡിക്രൂസ്,ഗായത്രി ബാബു, രാഖി രവികുമാർ,മേടയിൽ വിക്രമൻ തുടങ്ങിയ ഭരണപക്ഷത്തുള്ളവർ മാത്രമാണ് സംസാരിച്ചത്. കൃത്യം ഒരു മണിക്കൂറായതോടെ കൗൺസിലിന് നോട്ടീസ് നൽകിയവർക്ക് സംസാരിക്കാനില്ലാത്തതിനാൽ യോഗം അവസാനിപ്പിക്കുന്നതായി മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. കൗൺസിൽ അവസാനിച്ചതോടെ എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും കോർപ്പറേഷൻ ഓഫീസിന് മുന്നിലേക്ക് പ്രകടനമായി എത്തി. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കൗൺസിൽ ഹാളിലും പുറത്തും പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
കൗൺസിലിൽ ബാനർ പോര്
മേയർ ഗോ ബാക്ക് എന്നെഴുതിയ ബാറും കരിങ്കൊടികളുമായി ബി.ജെ.പി എത്തിയപ്പോൾ മേയർ രാജിവയ്ക്കുകയെന്ന ബാനറുമായാണ് യു.ഡി.എഫ് നഗരസഭയിലെത്തിയത്. ഇവയെ പ്രതിരോധിക്കാൻ ഇടതുപക്ഷ കൗൺസിലർമാർ നമ്മൾ മേയറോടൊപ്പം എന്നെഴുതിയ ബാനറും പ്രതിക്ഷകക്ഷി നേതാക്കളുടെ പഴകാല അഴിമതി ആരോപണ വാർത്തകളുടെ പത്രകട്ടിംഗുകളും പ്ലക്കാർഡാക്കി കൊണ്ടുവന്നു.
മൂന്ന് കക്ഷികളിലെ അംഗങ്ങളും മത്സരിച്ച് ബാനർ ഉയർത്തി. കൗൺസിൽ ഹാളിൽ നിന്ന് ബാനർ ഉയർത്തിയിട്ട് സ്ഥലം തികയാതെ വന്നതോടെ ഭരണപക്ഷ അംഗങ്ങൾ കൗൺസിൽ ഹാളിന്റെ മുകളിലെ നിലയിൽ കയറി ബാനർ ഉയർത്തി. പിന്നാലെ ബി.ജെ.പി കൗൺസിലർമാരും ബാനറുമായി മുകളിലേക്ക് കയറി. ഇരുകൂട്ടരും കൗൺസിൽ യോഗം കഴിയുന്നതുവരെ ബാനർ ഉയർത്തി മത്സരിച്ചു.