kifb

തിരുവനന്തപുരം: കൊവിഡ് തകർച്ചയ്‌ക്ക് ശേഷം സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച വൻ കുതിപ്പ് നേടിയതായി ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ 2021-22ലെ റിപ്പോർട്ട് - 12 ശതമാനമാണ് വളർച്ച. മൊത്ത ആഭ്യന്തര ഉത്പാദനത്തിലാണ് ഇൗ കുതിപ്പ്.

കടംവാങ്ങി മൂലധന നിക്ഷേപത്തിന് വിനിയോഗിച്ചതും കിഫ്ബിയുമാണ് നേട്ടമായതെന്ന് മുൻധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് പ്രതികരിച്ചു.

കൊവിഡ് മൂലം 2020-21ൽ വളർച്ച 8.43% കുറഞ്ഞു. 2019-20ൽ 0.9% ആയിരുന്നു വളർച്ച. അവിടെ നിന്നാണ് 12.7% ആയി കുതിച്ചത്. ഇത് ദേശീയ ശരാശരിയേക്കാൾ ( 8.7% ) കൂടുതലാണ്.സംസ്ഥാനത്തെ പ്രതിശീർഷ വരുമാനം 1.43ലക്ഷം രൂപണ്. ദേശീയശരാശരി 0.91ലക്ഷം മാത്രം.

ടൂറിസം ,ഹോട്ടൽ, റെസ്റ്റോറന്റ്, മേഖലയിൽ 114 ശതമാനവും വിമാനയാത്ര ഉൾപ്പെടെയുള്ള യാത്രാമേഖലയിൽ 74.94 ശതമാനവും വളർച്ച നേടി. സാമ്പത്തിക മേഖലയുടെ 10 ശതമാനവും തൊഴിലിന്റെ 23.5 ശതമാനവും ടൂറിസം മേഖലയിലാണ്. തൊഴിലിന്റെ പകുതിയും നൽകുന്ന നിർമ്മാണ മേഖലയിൽ 10.53% ആണ് വളർച്ച. കൃഷി, മത്സ്യബന്ധന മേഖലകളിൽ 4.64% വളർച്ചയുണ്ടായി. സാമ്പത്തിക രംഗത്തിന്റെ 17.8% ഉണ്ടായിരുന്ന കൃഷി 8% മാത്രമായി. കൃഷിയിൽ നിന്ന് ജനങ്ങൾ പിൻമാറുന്നതിന്റെ സൂചനയാണിത്. കാർഷിക ഉൽപ്പാദനം 44,299 കോടി രൂപയും വ്യവസായ ഉൽപ്പാദനം 60,447കോടി രൂപയുമാണ്.

കേരളത്തിന്റെ കടം സുസ്ഥിരമാണ്. കടം വാങ്ങി നടത്തിയ നിക്ഷേപമാണ് കൊവിഡിന് ശേഷം സാമ്പത്തിക ഉണർവ്വുണ്ടാക്കി കേരളത്തെ കരകയറ്റിയത്. കിഫ്ബിയിലൂടെയും മറ്റു പശ്ചാത്തല സൗകര്യ നിർമ്മാണത്തിലൂടെയും നടത്തിയ വലിയ നിക്ഷേപമാണ് സമ്പദ്ഘടനയെ കരകയറ്റിയത്. കിഫ്ബി ഒരു മാന്ദ്യവിരുദ്ധ പാക്കേജാണ്. കൊവിഡും മറ്റും മൂലം നടത്തിപ്പ് വൈകിയിട്ടും അത് സംസ്ഥാനത്തിന് പ്രയോജനപ്പെട്ടു.

2021-22ൽ 10,000 കോടി രൂപയെങ്കിലും കിഫ്ബിയിൽ നിന്ന് ചെലവായി. കിഫ്ബി നൽകിയ പണം ഉൾപ്പെടെ ദേശീയപാതയ്‌ക്ക് ഭൂമി ഏറ്റെടുക്കാൻ 25,000 കോടി രൂപയാണ് ചിലവായത്. ഈ പണം ജനങ്ങളുടെ കൈയിൽ വന്നു. ഇത്തരം ഭീമമായ നിക്ഷേപമാണ് സമ്പദ്ഘടനയെ കരകയറ്റിയത്. സർക്കാർ എടുക്കുന്ന വായ്പയുടെ പലിശ നിരക്ക് സാമ്പത്തിക വളർച്ചാ നിരക്കിനേക്കാൾ കുറവുമാണ്. ഇതെല്ലാം കേരളം കടക്കെണിയിലാണെന്ന വിമർശനങ്ങളുടെ മുനയൊടിച്ചു. 2021-22ൽ 12 ശതമാനം വളർച്ചയുണ്ടായപ്പോൾ പലിശ 7% മാത്രമായിരുന്നു - ഐസക്ക് പറഞ്ഞു.