വിഴിഞ്ഞം: ആൾമാറാട്ടം നടത്തി വസ്തു വിറ്റ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.വെണ്ണിയൂർ കാട്ടുകുളം സ്വദേശി സുനിതയെയാണ് (40) തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. മുട്ടയ്ക്കാട് സ്വദേശികളായ പ്രവീൺ, ഭാര്യ സജിത എന്നിവരുടെ പേരിലുള്ള എട്ടര സെന്റ് വസ്തു തിരുവല്ലം സ്വദേശിയായ രഞ്ചിത്തിന് വിൽക്കുന്നതിനായി പ്രവീണിന്റെ ഒത്താശയോടെ സജിത എന്ന പേരിൽ സുനിതയുടെ ഫോട്ടോ പതിച്ച് രജിസ്റ്ററിൽ ഒപ്പിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

രഞ്ചിത്ത് പിതാവിന് കൈമാറിയ വസ്തുവിൽ കെ.എസ്.എഫ്.ഇയിൽ നിന്ന് ലോൺ ലഭ്യമാക്കാൻ ശ്രമിച്ചപ്പോൾ യഥാർത്ഥ ഉടമയായ സജിത പൊലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം നടന്നത്. 2020ൽ നടന്ന കേസിൽ ഒന്നാം പ്രതിയായ പ്രവീൺ നേരത്തെ അറസ്റ്റിലായിയെന്നു പൊലീസ് അറിയിച്ചു. സംഭവശേഷം വിദേശത്ത് പോയി മടങ്ങിയെത്തിയ ശേഷം എറണാകുളത്ത് ഒളിവിൽ കഴിയവേയാണ് സുനിതയെ അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ, എസ്.ഐമാരായ സതീഷ്, മനോഹരൻ, അനൂപ്, എ.എസ്.ഐ സുഭാഷ്, സി.പി.ഒമാരായ രമ്യ, ഷിജു, രാജീവ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.