യുവമോർച്ചയുടെ പരാതിയിൽ മ്യൂസിയം പൊലീസും അന്വേഷണം നടത്തും
തിരുവനന്തപുരം: നഗരസഭയിലെ നിയമനങ്ങൾക്കായി മേയർ ആര്യാരാജേന്ദ്രൻ അയച്ചതായി പ്രചരിക്കുന്ന കത്ത് സംബന്ധിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് ഇന്നലെയും കൈമാറിയില്ല. റിപ്പോർട്ട് തയ്യാറായി ഇന്നലെ കൈമാറുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞിരുന്നെങ്കിലും അവധി കഴിഞ്ഞെത്തിയ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബിന് റിപ്പോർട്ട് ലഭിച്ചിട്ടില്ല.
ഇതോടെ എത്രയും വേഗം റിപ്പോർട്ട് കൈമാറാൻ ക്രൈംബ്രാഞ്ച് യൂണിറ്റ് എസ്.പിയോട് എ.ഡി.ജി.പി ആവശ്യപ്പെട്ടു. അതേസമയം യഥാർത്ഥ കത്ത് ഉൾപ്പടെ കണ്ടെത്തുന്നതിന് സാങ്കേതിക പരിശോധനയും ആവശ്യമായതിനാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ശുപാർശയാണ് റിപ്പോർട്ടിലുള്ളതെന്നാണ് വിവരം. കേസെടുത്താലും പ്രതിപ്പട്ടികയിൽ ആരെയും ചേർക്കാതെ വ്യാജരേഖ സംബന്ധിച്ച വിവരം കോടതിയെ അറിയിക്കാനാണ് സാദ്ധ്യത.
അതിനിടെ സംഭവത്തിൽ മ്യൂസിയം പൊലീസും അന്വേഷണം ആരംഭിക്കും. കത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച നൽകിയ പരാതി സിറ്റി പൊലീസ് കമ്മിഷണർ കഴിഞ്ഞദിവസം മ്യൂസിയം എസ്.എച്ച്.ഒക്ക് കൈമാറി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന വിജിലൻസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. വിജിലൻസ് സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (ഒന്ന്) എസ്.പി കെ.ഇ. ബൈജുവിനെയാണ് സ്റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ചിലേക്ക് (അഡ്മിനിസ്‌ട്രേഷൻ) മാറ്റിയത്. ഐ.പി.എസ് ലഭിച്ചതിനെ തുടർന്നാണ് ബൈജുവിനെ മാറ്റിയതെന്നാണ് വിശദീകരണം. എസ്.പി. റെജി ജേക്കബിനാണ് പകരം അന്വേഷണച്ചുമതല.