asha

തിരുവനന്തപുരം: പൊടിശല്യം ചോദ്യം ചെയ്‌തതിന് വീട്ടമ്മയ്ക്ക് മണ്ണ് കടത്ത് സംഘത്തിന്റെ ക്രൂര മർദ്ദനം. നെട്ടയം കുറ്റിയാമൂട് ചേരാംകോട് ഹരിതനഗർ കാർത്തിക ഭവനിൽ എൽ.ആശയ്ക്കാണ് (45) ഇന്നലെ വൈകിട്ട് നാലോടെ മർദ്ദനമേറ്റത്. വീടിന് സമീപത്ത് അനധികൃതമായി മണ്ണ് നിക്ഷേപിക്കുന്നത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം.

വീട്ടമ്മയും മക്കളും ചേർന്ന് മണ്ണ് നിക്ഷേപിക്കാനെത്തിയ ലോറി തടഞ്ഞു. സ്ഥിരമായി മണ്ണ് നിക്ഷേപിക്കുന്നത് മൂലം പൊടി രൂക്ഷമായി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് പറഞ്ഞ വീട്ടമ്മ മറ്റൊരു വഴി തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വാക്കേറ്റവും ഒടുവിൽ ക്രൂര മർദ്ദനത്തിലേക്കുമെത്തി.

നെട്ടയം പാപ്പാട് സ്വദേശി സന്തോഷ് എന്നയാൾ ആശയെ റോഡിൽ തള്ളിയിട്ട് ശരീരത്തിൽ ചവിട്ടുകയും മഹേഷ് എന്നയാൾ തടയാനെത്തിയ മകൻ അഖിലേഷിനെ മർദ്ദിച്ചെന്നും ആശയുടെ ഭർത്താവ് അജി പറഞ്ഞു. നാട്ടുകാർ ഇടപെട്ടതോടെയാണ് അക്രമം അവസാനിച്ചത്. നിലം നികത്തൽ വിവരം നേരത്തെ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും ഇടപെട്ടില്ലെന്ന ആക്ഷേപമുയർന്നു.

പേരൂർക്കട ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ആശയ്‌ക്ക് കാര്യമായ പരിക്കുണ്ട്. മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് ആശുപത്രിയിലെത്തി ആശയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.